സത്യപ്രതിജ്ഞാ ചടങ്ങിലെ ചട്ടലംഘനം: സഭയില്‍ ഭരണപക്ഷത്തെ നേരിടാന്‍ തുറുപ്പ് ചീട്ടുമായി പ്രതിപക്ഷം

MAY 23, 2026, 10:27 PM

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ തുടക്കം തന്നെ ഭരണ-പ്രതിപക്ഷ കടുത്ത രാഷ്ട്രീയ പോരിലേക്ക്. യു.ഡി.എഫ് എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കാനുള്ള എല്‍.ഡി.എഫ് മുന്നണിയുടെ നീക്കം വരും ദിവസങ്ങളില്‍ സഭയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും.

കേവലം ഒരു ചടങ്ങിലെ വീഴ്ച എന്നതിനപ്പുറം, സഭയ്ക്കുള്ളിലെ അച്ചടക്കവും ഭരണഘടനാ വ്യവസ്ഥകളും മുന്‍നിര്‍ത്തി വലിയൊരു നിയമ പോരാട്ടത്തിനാണ് പ്രതിപക്ഷം വഴി തുറക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 188 ന്റെ കടുത്ത ലംഘനമാണ് സഭയില്‍ നടന്നതെന്നാണ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആലുവയില്‍ നിന്നുള്ള അന്‍വര്‍ സാദത്ത് ഔദ്യോഗിക സത്യവാചകത്തിനൊപ്പം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിയതും പയ്യന്നൂരില്‍ നിന്നും വിജയിച്ച വി. കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രോടെം സ്പീക്കര്‍ ജി. സുധാകരന്‍ ഡയസില്‍ ഇല്ലായിരുന്നു എന്നതുമാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആയുധങ്ങള്‍.

ഭരണപക്ഷത്തെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ഈ പരാതിയില്‍ പുതുതായി ചുമതലയേല്‍ക്കുന്ന സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാട് നിയമസഭയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമാകും. സാധാരണ ഗതിയില്‍ ഔദ്യോഗിക സത്യ വാചകത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രതിജ്ഞ അസാധുവാകാനും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരാനും നിയമപരമായ സാധ്യതകളുണ്ട്. മുന്‍പ് തദ്ദേശ സ്ഥാപനങ്ങളിലെയും സഭകളിലെയും സമാനമായ സംഭവങ്ങളിലെ കോടതി വിധികള്‍ കൂടി മുന്‍നിര്‍ത്തിയാകും പ്രതിപക്ഷത്തിന്റെ നീക്കം.

എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് ഉയര്‍ന്ന കടുത്ത ആര്‍പ്പുവിളികളും കൈയടികളും സഭയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന ആക്ഷേപവും ശക്തമാണ്. സഭ നിയന്ത്രിക്കുന്നതില്‍ പ്രോടെം സ്പീക്കര്‍ പരാജയപ്പെട്ടുവെന്നും സഭാ മര്യാദകള്‍ കാറ്റില്‍പ്പറത്താന്‍ ഭരണപക്ഷം കൂട്ടുനിന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളില്‍ സഭയിലെ മറ്റ് പ്രധാന ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ ഈ വിഷയം സഭ നിര്‍ത്തിവെക്കല്‍ പ്രമേയമായി കൊണ്ടുവരാനും പ്രതിപക്ഷ നിരയില്‍ ആലോചനയുണ്ട്.

അതേസമയം പ്രതിപക്ഷത്തിന്റെ ഈ നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ തന്നെയാണ് യു.ഡി.എഫ് ക്യാമ്പിന്റെയും തീരുമാനം. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്‍ സഭയിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് നടപടികള്‍ പൂര്‍ത്തിയായതെന്നും, മണ്ഡലത്തോടുള്ള നന്ദിപ്രകാശനം സത്യപ്രതിജ്ഞയെ ബാധിക്കുന്ന ലംഘനമല്ലെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. വരും ദിവസങ്ങളില്‍ നിയമസഭയ്ക്കുള്ളില്‍ വലിയ വാക്‌പോരുകള്‍ക്ക് ഈ വിഷയം കാരണമാകുമെന്നുറപ്പാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam