പട്ന: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആദ്യമായി നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നു. ബിഹാറിലെ ബി.ജെ.പിയുടെ ശക്തമായ സ്വാധീനമേഖലയായി അറിയപ്പെടുന്ന ബാങ്കിപുര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാകും അദ്ദേഹം ജനവിധി തേടുക. ജൂലൈ 30 നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ജന്‍ സുരാജ് പാര്‍ട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കാനും ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പ്രശാന്ത് കിഷോറിന്റെ ഈ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വം. ദീര്‍ഘകാലമായി ബി.ജെ.പി നേതാവ് നിതിന്‍ നവിന്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ബാങ്കിപുര്‍. പട്നയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ശക്തമായ സംഘടനാ സംവിധാനവും വലിയ വോട്ട് ബാങ്കുമുണ്ട്. എന്നാല്‍ നിതിന്‍ നവിന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
നിലവിലെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഹിത പരിശോധനയായാണ് ഈ ഉപതെരഞ്ഞെടുപ്പിനെ പ്രശാന്ത് കിഷോറും ജന്‍ സുരാജും വിശേഷിപ്പിക്കുന്നത്. ബിഹാറിലെ നിലവിലെ ഭരണകൂടത്തോടുള്ള ജനവികാരത്തിന്റെ യഥാര്‍ത്ഥ അളവുകോലായി ഈ പോരാട്ടം മാറുമെന്നാണ് ബി.ജെ.പി ഇതര പാര്‍ട്ടികളുടെ വിലയിരുത്തല്‍. മികച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ നിന്ന് സജീവ രാഷ്ട്രീയ നേതാവിലേക്കുള്ള പ്രശാന്ത് കിഷോറിന്റെ ഈ മാറ്റം ബിഹാറിലെ പ്രമുഖ കക്ഷികളായ ബി.ജെ.പി, ആര്‍.ജെ.ഡി എന്നിവര്‍ക്ക് ഒരുപോലെ പുതിയ വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഭരണമാറ്റം ആഗ്രഹിക്കുന്നവരെയും യുവവോട്ടര്‍മാരെയും സ്വാധീനിക്കാന്‍ പ്രശാന്തിന്റെ സാന്നിധ്യത്തിന് കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത ഈ മണ്ഡലത്തില്‍, ബി.ജെ.പിക്ക് ബദലായി ജന്‍ സുരാജിന് മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നാണ് പാര്‍ട്ടിയുടെ അവകാശ വാദം. 2025 ല്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെയുള്ള 243 സീറ്റുകളില്‍ 238 സീറ്റുകളിലും ജന്‍ സുരാജ് പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തൊട്ടാകെ കേവലം 3 ശതമാനത്തിലധികം വോട്ടുകള്‍ മാത്രമാണ് അന്ന് പാര്‍ട്ടിക്ക് ലഭിച്ചത്.
ഈ സാഹചര്യത്തില്‍, തങ്ങളുടെ രാഷ്ട്രീയ പ്രസക്തിയും ജനപിന്തുണയും തെളിയിക്കാനുള്ള വലിയൊരു അവസരമായാണ് ജന്‍ സുരാജ് ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖ മുഖമായ പ്രശാന്ത് കിഷോറിനെ തന്നെ നേരിട്ട് പോരാട്ടത്തിനിറക്കാന്‍ ജന്‍ സുരാജ് തീരുമാനിച്ചതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
