മൊറാദാബാദ്: 2027 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൈകോര്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. വൈകുന്നതിന് മുമ്പ് സഖ്യചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്ന് ഓര്‍മ്മിപ്പിച്ചാണ് ഒവൈസി പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷിയായ സമാജ്വാദി പാര്‍ട്ടിയെ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മൊറാദാബാദില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തരംഗമായ ഈ പ്രസ്താവന നടത്തിയത്. ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുകയാണ് പ്രധാനം എന്ന് ഒവൈസി വ്യക്തമാക്കി. പരസ്പരം മത്സരിച്ച് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് പകരം ഒരുമിച്ച് പോരാടാന്‍ മജ്ലിസ് തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എഐഎംഐഎം മത്സരിക്കുന്നത് കാരണം സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചോര്‍ച്ചയുണ്ടാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് താന്‍ സഖ്യത്തിന് തയ്യാറാണെന്ന് ഒവൈസി തുറന്നടിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം പശ്ചാത്തപിക്കുന്നതിലും നല്ലത് ഇപ്പോള്‍ത്തന്നെ ചര്‍ച്ചകള്‍ നടത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ്വാദി പാര്‍ട്ടിയുമായി തുല്യനീതിയിലധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ് എഐഎംഐഎം ആഗ്രഹിക്കുന്നതെന്ന് ഒവൈസി വ്യക്തമാക്കി. കേവലം ഒരു പായയില്‍ ഇരിക്കാനല്ല, മറിച്ച് തുല്യ അവകാശങ്ങളോടെയും അന്തസ്സോടെയും രാഷ്ട്രീയത്തില്‍ ഒപ്പമിരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ് കസേരയില്‍ ഇരിക്കുമ്പോള്‍, ഒവൈസിയും അതേ സ്ഥാനത്തിരുന്ന് ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി സംസാരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
എഐഎംഐഎമ്മിന്റെ പോരാട്ടം ഒരിക്കലും ഒരു പ്രത്യേക മതത്തിനെതിരല്ലെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. അതേസമയം ഒവൈസിയുടെ സഖ്യ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഭരണകക്ഷിയായ ബിജെപി വിമര്‍ശിച്ചത്. ഇതൊരു കേവല പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയ കൂട്ടുകെട്ട് ആണെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പരിഹസിച്ചു.
അഖിലേഷും ഒവൈസിയും പ്രീണന രാഷ്ട്രീയത്തിലെ 'കൗണ്‍
ബനേഗ ബഡാ ഭായിജാന്‍' മത്സരം അവസാനിപ്പിച്ച് കൈകോര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, ഒവൈസി അഖിലേഷിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുകയാണെന്നും പൂനവാല കൂട്ടിച്ചേര്‍ത്തു. ഒവൈസിയും അഖിലേഷും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് ബിജെപിയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
