കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും അപ്രതീക്ഷിതമായി രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംഘടനയെ ശക്തിപ്പെടുത്താന്‍ മമത ബാനര്‍ജി നേരിട്ട് തലപ്പത്തേക്ക് കൊണ്ടുവന്ന നേതാവാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് മമത ബാനര്‍ജി നിലവിലുണ്ടായിരുന്ന എല്ലാ പാര്‍ട്ടി കമ്മിറ്റികളും പിരിച്ചുവിട്ട് സംഘടനയില്‍ വലിയ അഴിച്ചുപണി നടത്തിയത്. മുതിര്‍ന്ന നേതാവ് സുബ്രത ബക്ഷിക്ക് പകരക്കാരിയായാണ് അന്ന് ചന്ദ്രിമ ഭട്ടാചാര്യയെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് നിയോഗിച്ചത്. എന്നാല്‍ മാസങ്ങള്‍ തികയും മുന്‍പേ മമതയുടെ വിശ്വസ്ത മറുകണ്ടം ചാടിയത് തൃണമൂലിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാജിവച്ചതിന് തൊട്ടുപിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ബംഗാള്‍ നിയമസഭയില്‍ വച്ച് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദീര്‍ഘകാലമായി മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായിയും ബംഗാള്‍ മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായിരുന്ന നേതാവാണ് ഇപ്പോള്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ ഭിന്നതയാണ് ഉടലെടുത്തിട്ടുള്ളത്. പാര്‍ട്ടിയുടെ ആകെ നിലവിലുള്ള 80 എംഎല്‍എമാരില്‍ ഭൂരിഭാഗവും ഇതിനകം തന്നെ ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് മമതയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ പാര്‍ട്ടിയുടെ 20 എംപിമാര്‍ എന്‍സിപിഐയില്‍ ലയിക്കുകയും എന്‍ഡിഎ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷയുടെ രാജിയും വിമത നീക്കവും ഉണ്ടായിരിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
