ന്യൂഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ എംപി പര്‍വേഷ് വര്‍മയെ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെ പ്രഖ്യാപിച്ച് ബിജെപി. മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ രമേഷ് ബിധുരി ഡെല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജിയില്‍ മത്സരിക്കും. എഎപി നേതൃത്വവുമായി ഉടക്കി കഴിഞ്ഞ വര്‍ഷം ബിജെപിയിലെത്തിയ മുന്‍ മന്ത്രിമാരായ രാജ് കുമാര്‍ ആനന്ദ്, കൈലാഷ് ഗഹ്ലോട്ട് എന്നിവര്‍ക്കും ടിക്കറ്റ് ലഭിച്ചു.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയുടെ കടന്നുവരവ് ന്യൂഡെല്‍ഹി നിയോജക മണ്ഡലത്തില്‍ ത്രികോണ പോരാട്ടത്തിന് കളമൊരുക്കി. ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. 2013 മുതല്‍ ന്യൂഡെല്‍ഹി സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് കെജ്രിവാള്‍. പര്‍വേഷ് വര്‍മ ന്യൂഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് 1,100 രൂപ വീതം വിതരണം ചെയ്തതായി എഎപി ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച വര്‍മയ്ക്കെതിരെ എഎപി, ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഗാന്ധി നഗര്‍ എംഎല്‍എ അനില്‍ ബാജ്പേയിയെ ഒഴിവാക്കി ബിജെപി, മുന്‍ ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിക്ക് ടിക്കറ്റ് നല്‍കി. 2003 മുതല്‍ 2013 വരെ ഷീല ദീക്ഷിതിന്റെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ലൗലി കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.
മുന്‍ ഡല്‍ഹി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജ്കുമാര്‍ ചൗഹാന് മംഗോള്‍പുരിയില്‍ നിന്ന് ടിക്കറ്റ് നല്‍കി. ആം ആദ്മി പാര്‍ട്ടിയുടെ മനീഷ് സിസോദിയക്കെതിരെ മറ്റൊരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എ തര്‍വീന്ദര്‍ സിംഗ് മര്‍വ ജംഗ്പുരയില്‍ ബിജെപിക്കായി മത്സരിക്കും.
മുന്‍ എഎപി മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് ബിജ്വാസനിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. താന്‍ അരവിന്ദ് കെജ്രിവാളിന്റെ ഹനുമാനാണെന്ന് ഒരിക്കല്‍ പറഞ്ഞ ഗഹ്ലോട്ട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ് കുമാര്‍ ആനന്ദിന് പട്ടേല്‍ നഗറില്‍ നിന്ന് ടിക്കറ്റ് ലഭിച്ചു.
പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, ഓം പ്രകാശ് ശര്‍മ്മ, അജയ് മഹാവാര്‍, ജിതേന്ദര്‍ മഹാജന്‍ എന്നിവരുള്‍പ്പെടെ സിറ്റിംഗ് ബിജെപി എംഎല്‍എമാര്‍ യഥാക്രമം രോഹിണി, വിശ്വാസ് നഗര്‍, ഗോണ്ട, റോഹ്താസ് നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് വീണ്ടും മത്സരിക്കും.
ഡെല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ഇതുവരെ 47 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്