തിരുവനന്തപുരം: ആദ്യകാല ബി.ജെ.പി നേതാവും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറലുമായ അഡ്വ.പൂന്തുറ സോമൻ (70) നിര്യാതനായി. വഞ്ചിയൂർ അത്തിയാർ മഠം ലൈനിലെ വസതിയിലാണ് താമസിച്ചിരുന്നത്. സംസ്‌കാരം നടത്തി. പൂന്തുറ വലിയ പഴവാർ വീട്ടിൽ പരേതരായ ഗംഗാധരന്റേയും ഭവാനിയുടേയും മകനാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. ജനസംഘത്തിലും പിന്നീട് ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ബി.ജെ.പി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച 1982ൽ നേമം മണ്ഡലത്തിൽ നിന്ന് കെ.കരുണാകരനെതിരെ മത്സരിച്ചു.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയി 15 വർഷം ജോലി നോക്കിയശേഷം സ്വയം വിരമിച്ച് അഭിഭാഷകനായി. കേരള കളരിപ്പയറ്റ് അസോസിയേഷന്റെ സെക്രട്ടറിയായും സ്‌പോർട്‌സ് കൗൺസിൽ അംഗമായും ദീർഘകാലം പ്രവർത്തിച്ചു. കളരിപ്പയറ്റുമായി ബന്ധപ്പെട്ട് അമേരിക്ക,ലണ്ടൻ,ജപ്പാൻ,കൊറിയ,പെറു തുടങ്ങിയ രാജ്യങ്ങളിലടക്കം സന്ദർശനം നടത്തി. 20 സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് അസോസിയേഷനുകൾ രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.
നാഷണൽ ഗെയിംസിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും കളരിപ്പയറ്റിനെ മത്സരയിനമായി ഉൾപ്പെടുത്തിയതിൽ നിർണായക പങ്കു വഹിച്ചു. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി ശിഷ്യന്മാരുണ്ട്. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫെലോഷിപ്പും ചരിത്രത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 'കളരിപ്പയറ്റ്: അത്ഭുതാവഹമായ ഒരു ആയോധനകല' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഭാര്യ: ഹെലൻ സോമൻ.
മക്കൾ: അദ്വൈത് സോമൻ, അഡ്വ. ഭഗവത് സോമൻ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1