സിനിമയെന്ന മഹാത്ഭുതത്തിലേക്ക് ലാലും പ്രിയനും നടന്നുതുടങ്ങുന്ന കാലം. പോക്കറ്റിൽ പത്തുപൈസയില്ലാതെ മദ്രാസിലെ മൗണ്ട് റോഡിലൂടെ വിശന്നുനടന്ന ആ നാളുകളിൽ, സ്വാമീസ് ലോഡ്ജിലെ കർശനക്കാരനായ ഉടമസ്ഥനെ പറ്റിക്കാൻ ഇരുവരും ചേർന്നൊരുക്കിയ തന്ത്രങ്ങൾ ചെറുതൊന്നുമായിരുന്നില്ല. വിശപ്പിന്റെ വിളി വന്നപ്പോൾ ഒരു സാധാരണ ഹോട്ടലിലേക്ക് കയറിച്ചെന്ന ലാലിനും പ്രിയനും മുന്നിൽ കാലം കാത്തുവെച്ചത് തികച്ചും അപ്രതീക്ഷിതമായ ചില കൂടിക്കാഴ്ചകളായിരുന്നു. ഒടുവിൽ കയ്യിൽ കാശില്ലാതെ ഷൈൻ ചെയ്ത ലാലും, നെഞ്ചിടിപ്പോടെ കൂടെനിന്ന പ്രിയനും ചേർന്നുണ്ടാക്കിയ ആ രസകരമായ ദോശക്കഥ വായിക്കാം 'മോഹൻലാൽ പരമ്പരയുടെ' ഈ അധ്യായത്തിൽ...
ഈ കുറിതൊടലിന് പിന്നിൽ രസകരമായ മറ്റൊരു രഹസ്യമുണ്ട്. സ്വാമീസ് ലോഡ്ജിലെ ഉടമസ്ഥനെ കയ്യിലെടുക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇത്! കുറി തൊട്ടെത്തുന്നവരോട് സ്വാമിക്ക് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അവിടെ താമസിക്കുന്നതിന് ചില കർശന നിയമങ്ങളും അദ്ദേഹം വെച്ചിരുന്നു. താമസക്കാരെല്ലാം പുലർച്ചെ എഴുന്നേറ്റ് കുളിച്ച് ഭസ്മക്കുറി തൊട്ടിരിക്കണമെന്നത് അവിടുത്തെ ഒരു അലിഖിത നിയമമായിരുന്നു. എല്ലാ ദിവസവും രാവിലെ സ്വാമിയുടെ വക ഒരു പരിശോധന ഉണ്ടായിരുന്നു.
സ്വാമി നോക്കുമ്പോഴൊക്കെ ലാലും പ്രിയനും കുളിച്ച് കുറിതൊട്ട് ഇരിപ്പുണ്ടാകും.
'ഐശ്വര്യമുള്ള തറവാട്ടിൽ പിറന്ന കുളന്തകളാണ്, ഇവരെന്നായാലും രക്ഷപ്പെടും...' ലാലിനെയും പ്രിയനെയും കുറിച്ച് സ്വാമി പലരോടും ഇങ്ങനെ പുകഴ്ത്തി പറയുമായിരുന്നു.
എന്നാൽ സത്യത്തിൽ ഈ വിരുതന്മാർ രാവിലെ ഉറക്കമുണർന്നാൽ മുഖം നന്നായി കഴുകി ആദ്യം ചെയ്യുന്നത് നെറ്റിയിൽ വലിയൊരു കുറി ചാർത്തുകയാണ്! ഇവർ കുളിക്കാറില്ലെന്ന സത്യം പാവം സ്വാമി അറിഞ്ഞിരുന്നതേയില്ല.
അങ്ങനെയൊരു ദിവസം ലാലും പ്രിയനും മൗണ്ട് റോഡിലൂടെ കുറച്ചുദൂരം നടന്നു. അപ്പോഴാണ് വലിയ ഗമയൊന്നുമില്ലാത്ത ഒരു ഇടത്തരം ഹോട്ടൽ അവരുടെ കണ്ണിൽപ്പെട്ടത്. അതിനു മുന്നിൽ 'ദോശ റെഡി' എന്നൊരു ബോർഡും തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ശരിക്കും അതിനെ ഒരു ബോർഡെന്ന് പറയാൻ പറ്റില്ല; ദ്രവിച്ചുതുടങ്ങിയ ഒരു പലകക്കഷണം! അതിൽ ചോക്ക് നനച്ച്, അത്ര ഭംഗിയില്ലാത്ത കൈയക്ഷരത്തിലാണ് അങ്ങനെ എഴുതിയിരുന്നത്. 'എന്തും വരട്ടെ' എന്ന് കരുതി ലാൽ പ്രിയനെയും കൂട്ടി ആ കടയിലേക്ക് കയറി.
കടയിൽ കാര്യമായ തിരക്കൊന്നുമില്ലായിരുന്നു. ഒന്നോ രണ്ടോ പേർ അവിടെയിരുന്ന് കടുപ്പത്തിൽ കട്ടൻചായ കുടിക്കുന്നുണ്ട്. പ്രായം ചെന്ന ഒരാൾ പഴയ മാതൃകയിലുള്ള, ചെളിപിടിച്ച ഒരു പണപ്പെട്ടിക്ക് പിന്നിലിരിപ്പുണ്ടായിരുന്നു.
തമിഴും മലയാളവും കൂട്ടിക്കുഴച്ച് ലാൽ അയാളോട് ചോദിച്ചു:
'വ്യാപാരമെല്ലാം എപ്പടി അണ്ണാ?'
ഹോട്ടലുടമ വലിയ താല്പര്യമില്ലാതെ മറുപടി പറഞ്ഞു:
'ഓ... ഒരളവുക്ക് അപ്പടിതാൻ പോവ്വുത്...'
മോഹൻലാൽ വിട്ടില്ല:
'ഇപ്പടിയെല്ലാം പോനാൽ പോതുമാ?' (ഇങ്ങനെ പോയാൽ മതിയോ?)
'എന്ന പൺറത്, കടവുൾ താൻ കാപ്പാത്തണം...' (എന്തുചെയ്യാൻ, ദൈവമേ രക്ഷിക്കണം)
പിടിച്ചു കയറാൻ ഒരു കച്ചിത്തുരുമ്പ് കിട്ടിയ ഭാവത്തിൽ ലാൽ പറഞ്ഞു:
'ഹേയ്... അപ്പടിയൊന്നു മില്ലൈ... ഞാൻ ഒരു ഐഡിയ സൊല്ലട്ടുമാ?'
'ഐഡിയ സൊല്ലിക്കൂടാതെ... അത് സെയ്ത് കാണിച്ച് താ...' (ഈ ഐഡിയ പറഞ്ഞാൽ ശരിയാവില്ല, നീ അതൊന്ന് ചെയ്ത് കാണിക്ക്).
ലാലിന്റെ ആത്മവിശ്വാസം കണ്ട് ഹോട്ടലുടമ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു:
'ഡേയ് പയ്യാ... മുതലാളിയെ കൂട്ടിക്കൊണ്ടുപോയി ദോശ ചുട്ടുവെച്ചിരിക്കുന്നത് കാണിച്ച് കൊടുക്ക്...'
ഹോട്ടലുടമ അകത്തേക്ക് നോക്കി കൽപ്പിച്ചതും ഉടനെ ഒരു പതിനാറുകാരൻ പയ്യൻ അവിടെ പ്രത്യക്ഷപ്പെട്ടു. മോഹൻലാലിനെ കണ്ടമാത്രയിൽ അവൻ തനി തിരുവനന്തപുരം ശൈലിയിൽ മലയാളത്തിൽ ചോദിച്ചു:
'എന്തിരണ്ണാ, തിരോന്തോരത്തല്ലേ വീട്? എനിക്കറിയാം. അവിടെ കോളേജിന് മുന്നിലുള്ള കടയിൽ ഞാൻ കുറെനാൾ ജോലി ചെയ്തിട്ടുണ്ട്. എന്റെ വീടും തിരോന്തോരത്താ... അണ്ണന്റെ അച്ഛൻ വിശ്വനാഥൻ സാറിനെയും എനിക്കറിയാം.'
ഇതെല്ലാം കണ്ട് പ്രിയദർശൻ കണ്ണുമിഴിച്ചു നിൽക്കുകയാണ്! ആ പയ്യൻ ഇരുവരെയും അകത്തിരുന്ന രണ്ട് കസേരകളിലേക്ക് പിടിച്ചിരുത്തി. ദോശയും ചട്ണിയും വേണ്ടുവോളം വിളമ്പി നൽകി. ഇടയ്ക്ക് ആ പയ്യൻ മുതലാളിയുടെ അടുത്ത് ചെന്ന് കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നത് അവർക്ക് കാണാമായിരുന്നു. അതുകേട്ട് ഹോട്ടലുടമയുടെ മുഖം അത്ഭുതം കൊണ്ട് വിടരുന്നതും അവർ ശ്രദ്ധിച്ചു.
ഇതിനിടയിൽ, ഒരു മധുരപ്പതിനേഴുകാരി ഇടനാഴിയിലൂടെ ഒരു മൂളിപ്പാട്ടും പാടി ലാലിന്റെയും പ്രിയന്റെയും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവളുടെ നീണ്ടുവിടർന്ന കണ്ണുകൾ ലാലിനെയും പ്രിയനെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. ഏതോ എണ്ണയുടെയും മുല്ലപ്പൂവിന്റെയുമൊക്കെ സമ്മിശ്ര സുഗന്ധം അവിടെയാകെ പടരുന്നുണ്ടായിരുന്നു.
ഈ സമയം ഹോട്ടലുടമ വളരെ ഭവ്യതയോടെ ഇരുവരുടെയും അടുത്തേക്ക് നടന്നു വന്നു. എന്നിട്ടയാൾ വിനയപൂർവ്വം ചോദിച്ചു:
'ദോശ എപ്പടി?'
ഒട്ടും മയം കൂടാതെയായിരുന്നു മോഹൻലാലിന്റെ പെട്ടെന്നുള്ള മറുപടി:
'കഷ്ടമായിരിക്ക്...' (വളരെ മോശമാണ്)
അതുകേട്ടതും കടയുടമയുടെ മുഖം ചുക്കുകഷായം കുടിച്ചതുപോലെയായി. അയാൾ വിക്കിവിറച്ചുകൊണ്ട് പറഞ്ഞു:
'എല്ലാം നാളെ മുതൽ ശരിയാക്കാം...'
'ഇപ്പോൾ കഴിച്ച ഭക്ഷണത്തിന് എത്ര രൂപയായെന്ന് പറഞ്ഞേ?' ലാൽ ചോദിച്ചു.
അതിന് ഉത്തരമായി ഹോട്ടലുടമ പറഞ്ഞ വാക്കുകൾ അവരെ ശരിക്കും അത്ഭുതപ്പെടുത്തി.
'തിരുവനന്തപുരത്തെ പേരുകേട്ട കുടുംബത്തിലെ ഈ രണ്ട് മക്കളെയും ദൈവമാണ് എന്റെ മുന്നിൽ എത്തിച്ചത്. ഞാൻ നിങ്ങളോട് ദോശയുടെ പൈസ വാങ്ങിക്കാനോ? നല്ല കാര്യമായി...!'
'അത് പറഞ്ഞാൽ പറ്റില്ല, ഭക്ഷണത്തിന്റെ പണം വാങ്ങിയേ പറ്റൂ. എത്രയായി?' ലാൽ വീണ്ടും ചോദിച്ചു.
ഹോട്ടലുടമ തൊഴുക്കൈകളോടെ പറഞ്ഞു: 'ക്ഷമിക്കണം... ഞാനത് വാങ്ങില്ല...'
പോക്കറ്റിൽ പത്തുപൈസ പോലും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന പ്രിയൻ, മോഹൻലാലിനെ കൈയിൽ പിടിച്ചുലച്ചുകൊണ്ട് പതിയെ പറഞ്ഞു:
'എന്ത് മോശമാ ഈ കാണിക്കുന്നത്... ഈ അമ്മാവൻ നീ പണം കൊടുത്താലും വാങ്ങില്ല. വാ... നമുക്ക് നാളെ വരാം.'
ലാലിനെ നിർബന്ധിച്ച് പിടിച്ച് വലിച്ച് പ്രിയൻ എങ്ങനെയൊക്കെയോ ഹോട്ടലിന് പുറത്തെത്തിച്ചു.
പുറത്തിറങ്ങിയതും മോഹൻലാൽ പ്രിയന്റെ മുഖത്തനോക്കി കണ്ണിറുക്കി ഒരു കള്ളച്ചിരി പാസാക്കി. അതുകണ്ടപ്പോൾ പ്രിയന്റെ ദേഷ്യം ഇരട്ടിച്ചു. പ്രിയൻ ദേഷ്യത്തോടെ പറഞ്ഞു:
'ആ സപ്ലെയർ പയ്യൻ തിരുവനന്തപുരംകാരനായതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു! നീ രൂപ എത്രവേണമെന്നൊക്കെ ഷൈൻ ചെയ്ത് ചോദിക്കുന്നത് കേട്ടല്ലോ... പണം അയാൾ ആവശ്യപ്പെട്ടിരുന്നെങ്കിലോ? അത് പോട്ടെ, ഇനി ഈ ജന്മത്ത് അയാളുടെ മുന്നിൽ ചെന്നുപെടരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചോ!'
'ഒന്നുമില്ലെടാ... നീ നോക്കിക്കോ, നാളെയും നമ്മൾ അവിടെത്തന്നെ പോകും. വയറുനിറയെ ദോശ കഴിക്കും. നോക്കിക്കോ നീ...' ലാൽ കൂളായി പറഞ്ഞു.
'നിനക്ക് വട്ടാണ്... ആ പാവം മനുഷ്യന്റെ തല്ലുകൊള്ളുമ്പോഴേ നിനക്ക് അടക്കമാകൂ.
ഞാനിതിനൊന്നുമില്ല കേട്ടോ...' പ്രിയൻ ഏറെ ഗൗരവത്തിൽ പറഞ്ഞു.
'സ്വാമീസ് ലോഡ്ജിൽ ഇനി ചെറിയൊരു പ്രശ്‌നമുണ്ട്. അതുകൂടി ഒന്ന് സോൾവ് ചെയ്യേണ്ടിയിരിക്കുന്നു...' ഒരു ആത്മഗതം പോലെ ലാൽ പറഞ്ഞു നിർത്തി.
(തുടരും)
ജോഷി ജോർജ്
കഥ ഇതുവരെ
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും
https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop
വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema
വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam
വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer
വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്‌സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college
വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും
https://vachakam.com/article/vismayanatanam-chapter-8-the-krishnachandran-of-kovalam-and-the-autograph-exposed-as-a-sham
വിസ്മയ നടനം - അധ്യായം 9 - സ്വാമീസ് ലോഡ്ജിലെ 'ലാലേട്ടൻ' തന്ത്രവും പ്രിയന്റെ പെരുവഴി പേടിയും!
https://vachakam.com/article/vismayanatanam-chapter-9-the-lalettan-ruse-at-swamis-lodge-and-priyans-fear-of-being-left-stranded
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
