കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായfൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഇറങ്ങിത്തിരിക്കുന്നു. ആ യാത്ര അയാളെ കൊണ്ടെത്തിച്ചത് വലിയൊരു അപകടത്തിലേക്കായിരുന്നു. തുടർന്നു വായിക്കുക.
അലാറം ഒരു കത്തി പോലെ റോബിൻസിന്റെ ചിന്തയെ കീറിമുറിച്ചു. ഉടൻ ആ ചിന്തയിൽ നിന്നും അയാൾ പുറത്തുകടന്നു. ഒരു നിമിഷം എല്ലാം നിശ്ചലമായതുപോലെ അയാൾക്കു തോന്നി. ഇതു ചെപ്പുകുളം അല്ലെന്നുമനസിലാക്കാൻ അല്പം സമയമെടുത്തു. മേൽവശത്ത് കനത്ത പാദശബ്ദങ്ങൾ. ആരൊക്കെയോ ഓടുന്ന ശബ്ദം.
തെറിവിളികൾ...ശകാരങ്ങൾ.!
മെറ്റൽ സ്‌റ്റെപ്പുകൾ കുലുങ്ങുന്നു. എവിടെയോ ഒരു വാൽവ് അടക്കുന്ന ശബ്ദം. അയാളുടെ ഹൃദയം എഞ്ചിനേക്കാൾ വേഗത്തിൽ ഇടിച്ചുകൊണ്ടിരുന്നു. അലാറം നിശ്ശബ്ദമായി. എന്നിട്ടും ആ ശബ്ദം അയാളുടെ മനസ്സിൽ നിന്നും പോയില്ല. ആകെയോന്നു ഉലഞ്ഞിരിക്കുന്നു. വലിയ അപകടമല്ല. എന്നാൽ ഇതുതന്നെയാണ് അപകടങ്ങൾ ആരംഭിക്കുന്ന വിധം.
സ്‌റ്റോർ റൂമിൽ ഒരു തുള്ളി എവിടെയോ വീണു.
ടിക്... വീണ്ടും ടിക്... ടിക്
അത് വെള്ളമാണോ എണ്ണയാണോ..? അറിയില്ല.
പക്ഷേ കുട്ടിക്കാലത്ത് ഇതേ ശബ്ദം റോബിൻസ് കേട്ടിട്ടുണ്ട്.
മേൽക്കൂരയിൽ വെള്ളം തുളച്ചുകയറുമ്പോൾ. അവൻ ശ്വാസം പിടിച്ചുകിടക്കും..!
ചെപ്പുകുളത്തെ വീടും പരിസരവും അയൽക്കാരും ഒരു മിന്നൽപോലെ മനോമുകുരത്തിൽ തെളിഞ്ഞുവരുന്നു..!
ഇരുട്ടിൽ രണ്ട് കാലങ്ങൾ ഒന്നിച്ചു. ഒരു കുഗ്രാമം. ഏതാണ്ടതുപോലെയുള്ള ഒരു ഇടം തന്നെയല്ലേ ഇതും. ആ യാത്ര മുന്നോട്ടാണ് പോകുന്നതെങ്കിലും അയാളുടെ മനസ്സ് പിന്നിലേക്ക് പോകുന്നത്. അത് റെബേക്കാ വല്യമ്മച്ചിയുടെ മുന്നിൽ ചെന്നു നിന്നു. അന്നത്തെ ആ മലവെള്ളപ്പൊക്കത്തിൽ ഒരു തടിക്കമ്പിൽ ഉടക്കിക്കിടന്ന തന്നെ വല്യമ്മച്ചിയാണ് കണ്ടെടുത്തത്. അവർ പുറത്തു തട്ടിയും വെള്ളം കക്കിച്ചും ബോധരഹിതനായ തന്നെ ഒരു നാട്ടുവൈദ്യന്റെ അടുത്തെത്തിച്ചു. അങ്ങിനെ മരണവക്രത്തിൽ നിന്നും താൻ മാത്രം അത്ഭുതകരമായി രക്ഷപെട്ടു.
തന്നെ എടുത്തുകൊണ്ട് ചെപ്പുകുളത്തെ കത്തോലിക്കാ പള്ളിയിലേക്കാണ് വല്ലമ്മച്ചി പോയത്. അവിടത്തെ വികാരിയച്ചനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഉറ്റവരും ഉടയവരും ഇല്ലാതായിത്തീർന്ന ആ കുട്ടിയെ തൽക്കാലം വല്യമ്മച്ചിയോടൊപ്പം കുശിനിയിൽ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മലമ്പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഈ പ്രകൃതി പ്രതിഭാസത്തിന്റെ കൊടും ഭീകരത അത് നേരിൽ കണ്ടിട്ടില്ലാത്തവരെ പറഞ്ഞുമനസ്സിലാക്കാൻ പ്രയാസമാണ്. സമതലങ്ങളിലെ നദികൾ നിറഞ്ഞുകവിഞ്ഞൊഴുകുമ്പോൾ ചുഴലികളും മലരികളും ഉണ്ടാകുമെങ്കിലും കുന്നും മലയുമുള്ളപ്രദേശത്തെ ആറ്റിൽ ഉണ്ടാകുന്ന ജലപ്രവാഹത്തിന്റെ ശക്തിയുമായി താരതമ്യപ്പെടുത്തിയാൽ അതൊന്നുമല്ല.
കാട്ടാനകൾപോലും ഇത്തരം കുത്തൊഴുക്കിൽ പെട്ടാൽ ചത്തുമലയ്ക്കും. പക്ഷേ, വന്യമൃഗങ്ങൾ മിന്നൽപ്രളയം വരുന്നതിനു മുമ്പേ ആറിനു സമീപത്തുനിന്ന് ഓടിയകലും. മനുഷ്യരേക്കാൾ ശ്രവണശക്തി അവർക്കുള്ളതുകൊണ്ട് വെള്ളത്തിന്റെ ശബ്ദം കേട്ടാവാം അവ രക്ഷപെടുന്നത്.
റേബേക്ക വല്യമ്മച്ചി വിവാഹിതയല്ല. വലിവിന്റെ അസുഖം ഉള്ളതിനാൽ വീട്ടുകാർ വിവാഹം കഴിപ്പിക്കാൻ താല്പര്യം കാണിച്ചതുമില്ല. അഞ്ച് ആങ്ങളമാർക്കുകൂടിയുള്ള കുഞ്ഞുപെങ്ങളായിരുന്നു വല്യമ്മച്ചി. അവരുടെ മക്കളെയെല്ലാം വളർത്താൻ സഹായിച്ചു.
കുട്ടികളെല്ലാം വളർന്നപ്പോൾ നാത്തൂന്മാരുടെ ഭാവം മാറി. തിന്നുമുടിപ്പിക്കാൻ ഇങ്ങനെ ഒരു പെങ്ങൾ എന്തിനെന്നവർ ചിന്തിച്ചു. അതുകൊണ്ടു തന്നെ കപ്യാരും കുടുംബവും താമസിക്കുന്ന പള്ളിവക കെട്ടിടത്തിന്റെ ചായ്പ്പിലായിരുന്നു വല്യമ്മച്ചിയുടെ താമസം. കപ്യാരുടെ കുഞ്ഞുകുട്ടികളെ പൊന്നുപോലെ നോക്കുന്നത് ഈ വല്യമ്മച്ചി തന്നെയായിരുന്നു. അവിടെയാണ് തനിക്കും അഭയം ലഭിച്ചത്.
ജയിംസ് അച്ചൻ മറ്റു പുരോഹിതന്മാരെപ്പോലെ ആയിരുന്നില്ല. ദീനദയാലുവാണ്. പുരോഗമനവാദിയാണ് ഏറെക്കാലം റോമിലായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പരിഷ്‌ക്കാരിയായിരുന്നെങ്കിലും ഗ്രാമീണ ജീവിതത്തിന്റെ നിർമ്മലതയും നിഷ്‌ക്കളങ്കതയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി. കഴിയുന്നത്ര ജീവിതത്തിൽ ക്രിസ്തുവിന്റെ അനിയായി ആകണമെന്നാഗ്രഹിക്കുന്നവൻ. ജേണലിസത്തിൽ അതീവ തൽപ്പരൻ. ആ അച്ചനാണ് എന്നും തന്റെ റോൾ മോഡൽ..! തന്നെ രൂപപ്പെടുത്തി എടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പുരോഹിതൻ. ഏറെ നാൾ കഴിയുമുമ്പ് ജയിംസ് അച്ചന് സ്ഥലം മാറ്റം.
കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു പള്ളിയിലേക്കാണ് മാറ്റം. അന്ന് തനിക്ക് 10 വയസ്സ് പ്രായം. ജയിംസ് അച്ചൻ തന്നേയും വല്യമ്മച്ചിയേയും കുട്ടമ്പുഴയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു രാത്രിയിലാണ് അവിടെ എത്തിയത്. ദിവസങ്ങൾ പിന്നിട്ട് ഒരു പ്രഭാതം. നാട് ഉണരുന്നതേയുള്ളു. പിണഞ്ഞു പിരിഞ്ഞുകിടക്കുന്ന കുന്നുകൾ. മൂടൽ മഞ്ഞിന്റെ ശിരോവസ്ത്രം ഊരിമാറ്റിയിട്ടില്ല. പള്ളിമേടയുടെ മുറ്റത്ത് പുൽത്തകിടിയിൽ പവൻ ഉരുകിവീണതുപോലെ തൂവിക്കിടക്കുന്ന സൂര്യപ്രകാശം. കാട്ടുമൈനകൾ പറമ്പിൽ പുൽക്കൊടിത്തുമ്പുകളിൽ നിന്നും പൊട്ടും പൊടിയും കൊത്തിപ്പെറുക്കി നടക്കുന്നു.
അച്ചന് ചുറ്റുപാടുമുള്ള സ്ഥലങ്ങളൊക്കെ കണ്ടാൽ കൊള്ളാമെന്നു ഫ്രാൻസീസ് പോൾ എന്ന ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീയറോടു പറഞ്ഞിരുന്നു. അതുപ്രകാരം അദ്ദേഹം പ്രകൃതിരമണീയമായ കുട്ടമ്പുഴ ആദിവാസി കോളനികളിലൊന്നായ കല്ലേലിമേട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്നിരിക്കുന്നു. കൂടെ താനും കൂടി. അതൊരു കൊടുംകാടാണ്. കാട്ടാനയും കാട്ടുപോത്തും കടന്നലും കുളയട്ടയും ഒക്കെയുള്ള വന്യഭൂമിയിലൂടെ ഏന്തിയും വലിഞ്ഞും വേണം പോകാൻ എന്ന് ഫ്രാൻസീസ് സാർ പറഞ്ഞിരുന്നു. കാര്യമായ ആയുധങ്ങളൊന്നുമില്ല.
എങ്കിലും കാൽവഴി അരിച്ചുകയറി രക്തം വലിച്ചൂറ്റിക്കുടിക്കുന്ന അട്ടകളെ അടർത്തിയെറിയാൻ കപ്യാർ ഈശോചേട്ടൻ പുകയിലയും ഉപ്പും മറ്റും കരുതിയിരുന്നു. ഇടവകയിൽ പെട്ട ചിലരെയൊക്കെ വഴിയിൽ കണ്ടു. അപകടം പതിയിരിക്കുന്ന ഇടങ്ങളിലേക്ക് അറിഞ്ഞുകൊണ്ട് യാത്രക്കിറങ്ങിയിരിക്കുന്ന സാഹസീകരെ നോക്കുന്ന ഭാവത്തോടെയാണവർ നിന്നിരുന്നത്.
ആ യാത്രാസംഘം നടന്നു നടന്ന് ബ്ലാവന കടവിലെത്തി. ഒരു നരുന്തു പോലെ ക്ഷീണിച്ച മനുഷ്യനാണ് വള്ളമുന്നുന്നത്. ചെറിയൊരു വള്ളം. അത് കടവിലേക്കടുത്തു..
ആ വള്ളത്തിൽ എല്ലാവരും കയറി. കടത്തുകാരൻ വലിയൊരു അഭ്യാസിയേപ്പോലെ വള്ളമൂന്നി അക്കരെക്കടവിൽ അടിപ്പിച്ചു. അവിടെനിന്നൊരു കാട്ടുപാതയിലൂടെ മുന്നോട്ടു നീങ്ങി. ശരീരം കുത്തിത്തുളയ്ക്കുന്ന തണുപ്പും കളിരും. യാത്ര ക്ലേശകരം തന്നെ. ഈറ്റക്കാടുകളാൽ സമൃദ്ധമായ മണികണ്ഠൻചാൽ. കുത്തനെ ഉയരത്തിൽ നിന്നും താഴോട്ടു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഘനഗംഭീര ശബ്ദം. ഘോരവനത്തിലൂടെ പിന്നേയും നടന്നു.
ആവിപറക്കുന്ന ആനപ്പിണ്ഡം. ഒരുത്തൻ മണംപിടിച്ചുകൊണ്ടു പറഞ്ഞു അയ്യോ..., ആനച്ചൂര്..! തൊട്ടടുത്തു ആനകൾ ചില്ലയൊടിക്കുന്ന ശബ്ദം. അതിനേക്കാൾ ഭീകരമായ ചീവിടിന്റെ കാതുതുളയ്ക്കുന്ന ശബ്ദം. ഏതാണ്ട് അഞ്ഞൂറിലേറെ ആദിവാസി കുടുംബങ്ങൾ കല്ലേലിമേടിന്റെ പരിസരങ്ങളിലായി ജീവിക്കുന്നു. കുടിയേറിയവരായി ഏതാണ്ട് മുന്നൂറോളം പേരുണ്ട്. അവരിപ്പോൾ നാട്ടുകാരായി മാറി. ഭൂനിയമങ്ങൾ കർശനമാക്കുന്നതിനു മുമ്പ് ഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു ജീവിക്കുന്നവരാണണവർ. ഫ്രാൻസീസ് സാർ വാചാലനായി.
ക്ലേശകരമായ ആ യാത്രക്കൊടുവിൽ ഞങ്ങൾ ഒരു ചെറിയ ചായക്കടയുടെ മുന്നിലെത്തി. അതിനോടു ചേർന്നൊരു ചെറുപലചരക്കു കടയുമുണ്ട്. കുറെ വൃദ്ധന്മാർ അവിടെ കടത്തിണ്ണയിൽ നാട്ടുവിശേഷം പറഞ്ഞിരിക്കുന്നുണ്ട്. അച്ചന്റെ തലവെട്ടം കണ്ടതോടെ അവരെല്ലാം ചാടി എഴുന്നേറ്റ് ഭവ്യതയോടെ നിന്നു. ആ കൂട്ടത്തിൽ നിന്നും ഒരാൾ തോർത്തുമുണ്ട് അരയിൽ കെട്ടി വാക്കൈപൊത്തി അച്ചനോട് മെല്ലെപ്പറഞ്ഞു:
'ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ..'
'എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.'
അച്ചൻ അതു പറഞ്ഞ് കൊണ്ട് കൈകൂപ്പി.
'എന്താണച്ചോ പതിവില്ലാതെ..? വരവിന്റെ ഉദ്ദേശമറിയാനുള്ള ആകാംക്ഷയോടെ മറ്റുള്ളവരും അടുത്തുകൂടി.'
'നിങ്ങളെയൊക്കെ കാണാനും പരിചയപ്പെടാനുമായി വന്നതാ അച്ചൻ' ഫ്രാൻസീസ് സാർ പറഞ്ഞു.
'എന്താ നിങ്ങളുടെയൊക്കെ പേര്..?'
'ഞാൻ തൊമ്മി, ഇതു ലോന, അത് എസ്തപ്പാൻ, ഇത് ഈ കടക്കാരൻ നാരായണൻ. ആ നിൽക്കുന്നത് ബസുവണ്ണ. ആദിവാസിക്കുടിലിലേതാണ്.'
അയാൾ വെറ്റിലക്കറയുള്ള പല്ല് കാട്ടിച്ചിരിച്ചു.
'എല്ലാവർക്കും സുഖം തന്നയല്ലേ..?' അച്ചൻ ചോദിച്ചു.
'കാട്ടുമുക്കില് എന്ത് സോഖം തമ്പ്രാ..! അങ്ങിനെ കഴിഞ്ഞു പോണൂ.' ബസുവണ്ണയാണത് പറഞ്ഞത്.
അതുശരിയാ തൊമ്മിയും തലയാട്ടിപ്പറഞ്ഞു.
'സഖോക്കെ അങ്ങ് പട്ടണത്തിലല്ലേ അച്ചോ... ഞങ്ങക്ക് ഒരു ഉപകാരം ചെയ്തു തര്വോ അച്ചാ..?'
'എന്താണെന്നു പറയ്. എന്നാൽ കഴിയുന്നതാണെങ്കിൽ തീർച്ചയായും ചെയ്തു തരാം.'
അച്ചൻ ആകാംക്ഷയോടെ തൊമ്മിയുടെ മുഖത്തക്കു നോക്കി.
അങ്ങകലെ കരിഞ്ഞുണങ്ങി നിൽക്കുന്ന മലയുടെ മുകൾപ്പരപ്പ് ചൂണ്ടിക്കാട്ടി തൊമ്മി പറഞ്ഞു:
'മഴ കനത്തുപെയ്തു തൊടങ്ങിയാ അവിടെ ബല്യ പുൽക്കാടായി മാറും. അതോടെ കാട്ടുപോത്തുകള് കൂട്ടായി നെരങ്ങാൻ തുടങ്ങും. പിന്നെ ആ വയിക്കൂടെ പോകാൻ നോക്കേണ്ട. അയിനേക്കാൾ ശക്തിയുള്ള കാറ്റും. ഒന്നു പള്ളില് പോണേൽ പോലും പറ്റൂല്ലാ..!. പിന്നെ കുറുബാന മുടങ്ങും. ഞങ്ങക്ക് പ്രാർത്ഥിക്കാനായി ഇവിടെ ഒരു പള്ളിണ്ടാർന്നേൽ കൊള്ളായിരുന്നു. കാലങ്ങളായി ഞങ്ങടെ ആശയാ..! തൽക്കാലം കുരിശുപള്ളി ആയാലും മതി. അതിന് അച്ചൻ മുൻകൈ എടുക്കണോന്നൊരു അപേക്ഷ മാത്രമാണ് ഈ പാവത്തുങ്ങക്കുള്ളൂ. അപ്പോൾ മറ്റൊരാൾ കൂടി അവിടെ എത്തി.
അല്പനേരത്തെ മൗനത്തിനു ശേഷം അച്ചൻ പറഞ്ഞു:
'തീർച്ചയായും ഞാനതിന് ശ്രമിക്കാം.' ആ അപരിചിതൻ അത് കേട്ട് അച്ചനെ അഭിനന്ദിച്ചു.
ആഗതനെ ഫ്രാൻസീസ് പരിചയപ്പെടുത്തി.
ഇത് ഈ നാട്ടുകാർക്ക് പ്രിയപ്പെട്ട ജോസ്. മറ്റത്തിൽ ജോസ് എന്നു പറയും. അച്ചൻ ജോസിന് കൈ കൊടുത്തു.
ദൈവംതമ്പുരാനേ. ഞങ്ങടെ പ്രാർത്ഥന നീ കേട്ടല്ലേ..!
തൊമ്മി തൊഴുകൈയോടെ മുകളിലേക്കു നോക്കിയാണ് അത് പറഞ്ഞത്.
അച്ചന്റെ മനസ്സിൽ പുതിയൊരു പള്ളി എന്ന ആശയത്തിന് വിത്തിടുകയായിരുന്നു തൊമ്മി.
റോബിൻസ് ഇരുന്നിടം ഒന്നാടിയുലഞ്ഞു. അയാൾ ഞെട്ടിയുണർന്ന് മിഴി തുറന്നത്
രിരുട്ടിലേക്കായിരുന്നു. വല്ലാത്ത ചൂട്, ചെവി തുളക്കുന്ന ശബ്ദം, എണ്ണയുടെ രൂക്ഷ ഗന്ധം. അയാൾക്ക് ഛർദ്ദിക്കണമെന്നു തോന്നി. തല ചുറ്റുന്നുണ്ട്. പിന്നിലാക്കി വന്ന ജീവിതപ്പാതയിലെ സംഭവങ്ങൾ ഇതിനകം അയാൾ വിസ്മരിച്ചു കഴിഞ്ഞിരുന്നു!
*********
അർദ്ധരാത്രി. ഓഷ്യൻ മെറിഡിയൻ എന്ന ആ ചരക്കുകപ്പലിൽ ഡ്യൂട്ടിയിലില്ലത്തവരെല്ലം നല്ല ഉറക്കത്തിൽ. എഞ്ചിൻ സാധാരണ ശബ്ദത്തിലാണ്. അത് തന്നെയാണ് എഞ്ചിനിയർ സെൽവരാജിനെ കുഴക്കിയത്. അസാധാരണമായൊരു ശബ്ദം. അത് സ്റ്റോറിൽ നിന്നാണെന്നു അയാൾ മനസ്സിലാക്കി. ഇപ്പോൾ മദ്യത്തിന്റെ തരിപ്പില്ല ആ മനുഷ്യനിൽ വല്ലാത്തൊരു ആശങ്ക.
അവൻ ഒരു പടി മുന്നോട്ട് നീങ്ങി.
കൈയിൽ പോക്കറ്റ് ടോർച്ചുണ്ട്. കാതുകൾ ജാഗ്രതയിൽ..! കുറെ കാർഡ്‌ബോർഡ് ബോക്‌സുകൾ. അതിനിടയിൽ നിന്നാണോ ശബ്ദം..? ചെറിയ ഡ്രം അയാൾ തട്ടിനോക്കി. പിന്നെ അയാൾ ഒരു നിമിഷം നിന്നു. അവിടൊരു ചലനം. ടോർച്ചടിച്ചു നോക്കി. ഒന്നു കൂടി മുന്നോട്ട്. അവിടെ ഒരു രൂപം. കൂനിക്കൂടി ചുമരോട് ചേർന്ന്. മുടി, തോൾ. മനുഷ്യന്റെ രേഖ. ഒരു നിമിഷം..! അയാളുടെ ഉള്ളൊന്നു പിടഞ്ഞു. മ
നസ്സ് വേറൊരു വഴി തിരിഞ്ഞു. ഇത് കണ്ണിന്റെ കളിയാവാം. അല്ലെങ്കിൽ മദ്യത്തിന്റെ ശേഷിപ്പാവാം. അപ്പോൾ രൂപം തല ഉയർത്തി. രണ്ട് കണ്ണുകൾ വെളിച്ചത്തിൽ മിന്നി. ഭയപ്പാടോടെ സെൽവരാജ് പിന്നോട്ട് ചാടിത്തെറിച്ചു.
''ദൈവമേ!'' ടോർച്ച് കൈയിൽ നിന്നു വഴുതിവീണു. വെളിച്ചം ചുമരിലൂടെ ഉരുണ്ടു. നെഞ്ച് പൊട്ടിക്കുന്നപോലെ. ശ്വാസം കെട്ടി നിന്നു.
ഇത് ഭ്രമമല്ല. ഇത് ഭൂതമല്ല. ഇത് ഒരു മനുഷ്യനോ, അതോ പ്രേതമോ..? എഞ്ചിൻ വീണ്ടും ഗർജ്ജിച്ചു. നിമിഷങ്ങൾക്കകം സെൽവരാജ് ബോധരഹിതനായി
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
