പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

NOVEMBER 26, 2025, 1:54 AM

സന്ധ്യമയങ്ങും നേരം. സോഡിയം ട്യൂബിന്റെ ഓറഞ്ച് വെളിച്ചത്തിൽ പട്ടണം കുളിച്ചു നിൽക്കുന്നു.  സൈമൺ ഗിച്ചാരു ഫോണിൽ വിളിച്ചപ്പോൾ സംഭവസ്ഥലത്തേക്ക് വരേണ്ടതില്ല എന്നാണ് റോബിൻസ് പറഞ്ഞത്.

അപ്പോഴേക്കും പഴയൊരു ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ ആകർഷകമല്ലാത്ത എൻജിൻ ശബ്ദം അടുത്തടുത്തു വന്നുകൊണ്ടിരുന്നു. താമസിയാതെ അയാളുടെ മുന്നിൽ ആ വാഹനം വന്നു നിന്നു.
പിന്നിലെ സീറ്റിൽ ആ കറുമ്പൻ കൗമാരക്കാരനോടൊപ്പം ഒരു പോലീസുമുണ്ട്. മുൻപിൽ രണ്ടു പോലീസുകാർ വേറേയും. മുന്നിലിരുന്ന പോലീസുകാരൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി പിന്നിലേക്കു പോയി.

''ഇറങ്ങിവാടി തെമ്മാടി...'

vachakam
vachakam
vachakam

പേടിച്ചരണ്ട് കൗമാരക്കാരൻ പുറത്തേക്കിറങ്ങി. 

''ഇവനല്ലേ താങ്കളുടെ വാച്ച് തട്ടിയെടുത്തത്..? ആ വാച്ച് ഇതുതന്നെയല്ലേ..?

അവന്റെ കണ്ണുകളിൽ വല്ലാത്തൊരു ദയനീയ ഭാവം അയാൾ കണ്ടു. 

vachakam
vachakam
vachakam

''ഹേയ്..., തട്ടിയെടുത്തതാണെന്ന് ആരു പറഞ്ഞു. വാച്ച് ഞാൻ അവന് കൊടുത്തതാണല്ലോ.''

''നിങ്ങൾ ആളെ കളിയാക്കുകയാണോ മിസ്റ്റർ..?  ഇവനെതിരെ കേസ് ചാർജ് ചെയ്യാൻ പോകുകയാണ്.''

പോലീസുകാരൻ ക്ഷോഭത്തോടെ അതു പറഞ്ഞുകൊണ്ട് ജീപ്പിൽ നിന്നും ഒരു മാനുവൽ റെജിസ്റ്റർ പുറത്തെടുത്തു. 

vachakam
vachakam
vachakam

''അവൻ കുട്ടിയല്ലെ, വിട്ടേക്കൂ..'' ശാന്തനായി റോബിൻസ് പറഞ്ഞു.

''ഓ...അതുശരി...എന്നാൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാം.'' 

സാർജന്റ് കിബെ മറ്റു രണ്ടു പോലീസുകാരേയും മാറിമാറി നോക്കി. എന്നിട്ടു  വല്ലാത്തൊരു ചിരിയോടെ പറഞ്ഞു: 

''പക്ഷേ, അതിനു നിങ്ങൾ കുറച്ചു പണം മുടക്കേണ്ടി വരും.''

റോബിൻസ് പൊട്ടിത്തെറിച്ചില്ലെന്നേയുള്ളു. ക്ഷോഭം കഴിയുന്നത്ര ഉള്ളിലൊതുക്കിക്കൊണ്ട് പറഞ്ഞു:

''അതുശരി ... ഞാൻ കൈക്കുലി തരണമെന്ന് അല്ലേ..?' നടക്കുന്ന കാര്യമല്ല.''

ഈ സമയം സൈമൺ ഗിച്ചാരു എന്ന പ്രൊഫസർ അവിടേക്കെത്തി. അദ്ദേഹം രംഗം ഒന്നു വീക്ഷിച്ച ശേഷം പോലീസുകാരോടായി പറഞ്ഞു:

''കിടു കിഡോഗോ'' (നെറോബിയിൽ കൈക്കൂലിക്കു പറയുന്ന പേരാണ് 'കിടു കിഡോഗോ' എന്ന്) 

''നോക്കൂ. വേൾഡ് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോർട്ടറാണ് ഇദ്ദേഹം. വേണ്ടാത്ത പുലിവാലൊന്നും പിടിക്കേണ്ട നിങ്ങൾ.''

''സോറി സാർ... ഞങ്ങൾക്ക് ആളെ മനസ്സിലായില്ല''. 

സാർജന്റ് കിബെ ഉടൻ ഖേദപ്രകടനത്തോടെ റോബിൻസിന് ഹസ്തദാനം നൽകാനായി കൈ നീട്ടി. ക്ഷോഭം അടക്കി റോബിൻസും കൈ നീട്ടി ഹസ്തദാനം നൽകി. പിന്നെ സാർജന്റ് കിബെ പയ്യനു നേരെ തിരിഞ്ഞ് വാച്ച് അവന് കൊടുത്തതിനു ശേഷം പറഞ്ഞു: 

''സാർ പറഞ്ഞതുകൊണ്ട് മാത്രം നിന്നെ വിടുന്നു. ഇനി ഇങ്ങനെയൊന്നും ഉണ്ടാവരുത്. കേട്ടല്ലൊ..''
പോലീസുകാർ ലാൻഡ് ക്രൂയിസറിൽ കയറി. വല്ലാത്തൊരു ശബ്ദത്തോടെ വണ്ടി പുക തുപ്പി തിരികെ പോയി.

റോബിൻസ് പയ്യനെ അടുത്തേക്കു വിളിച്ചുകൊണ്ട് ചോദിച്ചു:

''ഇയാളുടെ  പേരെന്താണ്..?'

''കിബെറ്റ് ''  

അല്പം സംശയത്തോടെ.. ''സാർ.., സാർ എനിക്ക് ഈ വാച്ച് ശരിക്കും തന്നതാണോ..?''

അതേ എന്ന അർത്ഥത്തിൽ റോബിൻസ് തലകുലുക്കി. 

''എനിക്ക് വാച്ച് വേണ്ട സാർ... ഞാനിതു വിൽക്കാൻ പോയാൽ ഇതെന്റേതാണെന്ന് ആരെങ്കിലും വിശ്വസിക്കമോ..? വിശന്നു തളർന്നിരിക്കുന്ന ഒരു കുടുംബം എനിക്കുണ്ട്. അവരുടെ ഇന്നത്തെ വിശപ്പുമാറ്റാൻ ഉള്ള പണം ഉണ്ടെങ്കിൽ തന്നാൽ മതി.''

''അതിനുള്ള പണം ഞാൻ നിനക്കു തരാം''

പ്രോഫസർ സൈമൺ ഗിച്ചാരു ആണ് അങ്ങനെ പറഞ്ഞത്. അദ്ദേഹം കുറച്ചുപണം അവന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി വച്ചുകൊടുത്തു.

''എടാ മോനേ, നിന്റെ വീട് എവിടെയാണ്..?''

അവൻ ഒരു ഭാഗത്തേക്ക് കൈചൂണ്ടി പറഞ്ഞു: 

''ഇവിടെന്നൊത്തിരി ദൂരമുണ്ട്. ആ കാണുന്ന കുന്നിനപ്പുറമാണ് സാർ.'

''ഇഹിതെ' എന്ന ഗ്രാമത്തിലാണോ?' സൈമൺ ഗിച്ചാര് ചോദിച്ചു.

അവൻ തലയാട്ടുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

അപ്പോൽ റോബിൻസിനോടായി സൈമൺ പറഞ്ഞു: 

''ബ്രിട്ടീഷ് കെനിയ എന്നറിയപ്പെടുന്ന സമതല ഭൂമി ആണത്. ഇനിയും പരിഷ്‌ക്കാരം എത്തിനോക്കാത്ത ഗ്രാമം..!''

'ഓ... അങ്ങനെയാണല്ലേ..!' എന്നു പറഞ്ഞുകൊണ്ട് റോബിൻസ് പയ്യന്റെ നേരെ തിരിഞ്ഞ്.

''ഇനിയും നമുക്ക് കാണണം. നീ വാച്ച് വിൽക്കേണ്ട. അത് നിന്റെ കൈയിൽ തന്നെ ഇരിക്കട്ടെ.''

എങ്ങിനെ നന്ദി പറയണം എന്നറിയാതെ ഇരുവർക്കും നേരെ കൈകൂപ്പി അവൻ ഇരുട്ടിലേക്കു മറഞ്ഞു.

*******

പിറ്റേ ദിവസം രാവിലെ തന്നെ റോബിൻസ് വേൾഡ് ടൈംസിന്റെ സിറ്റി ബ്യൂറോയിലെത്തി. ഓഫീസ് ബോയി കെവിൻ ഒട്ടീനോയെ കൂട്ടി 'ഇഹിതെ' ഗ്രാമത്തിലേക്ക് പോകാനൊരുങ്ങി.

അപ്പോഴേക്കും ഗ്രേ കളറുള്ള ഒരു ടോയോട്ട കൊറോള 92 മോഡൽ കാർ ഓഫീസിനു മുന്നിലെത്തി. ഇരുവരും കാറിൽ കയറി. കാറിന്റെ ബോണറ്റിൽ ഉദിച്ചുയരുന്ന സൂര്യന്റെ രശ്മികൾ മനോഹരമായ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു.

കെവിൻ ഒട്ടീനോയ്ക്ക് 'ഇഹിതെ' എന്ന ഗ്രാമം സുപരിചിതമാണ്, അവന്റെ ചില ബന്ധുക്കൾ അവിടെയാണ് താമസിക്കുന്നത്. കാർ വേഗത കൂട്ടി നീങ്ങവെ നെയ്‌റോബി സിറ്റിയുടെ യഥാർത്ഥ രൂപം തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ജിക്കോംബ മാർക്കറ്റിൽ പുരുഷാരം തടിച്ചുകൂടിക്കൊണ്ടിരിക്കുന്നു. ആകെ ബഹളമയം. കാറിന്റെ  ചില്ല് അല്പം താഴ്ത്തിയ റോബിൻസിന്റെ മുഖത്തേക്ക് പൊടിയും കാറ്റും അടിച്ചു കയറി.

''അയ്യോ സാറേ, വേണ്ട.., കാറ്റും പൊടിയും അകത്തു കയറും.''

കെവിൻ അതു പറയും മമ്പേ തന്നെ അയാൾ ചില്ല് മുകളിലേക്കു ഉയർത്തിവെച്ചു. എ 104-ാം നമ്പർ റോഡിൽ കാർ കയറുമ്പോഴേക്കും നെയ്‌റോബി നഗരത്തിന്റെ ശബ്ദം സാവധാനം പിന്നിലേക്ക് ഒഴുകിപ്പോയി. 

കാർ മലനിരകളുടെ താഴ്‌വാരത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. 

റേഡിയോയിൽ ലക്കി ഡ്യൂബിന്റെ ശബ്ദം

'സ്വാതന്ത്ര്യ സമര സേനാനി... നിൽക്കൂ, പോരാടൂ!'എന്ന പാട്ട്. ഡ്രൈവർ ശബ്ദം അല്പം കൂട്ടിവെച്ചു.
ഇതിനോടകം കിബെറ്റ് എന്ന ദാരിദ്ര്യം വരിഞ്ഞുമുറുക്കിയ ആ കൗമാരക്കാരന്റെ കഥ കെവിനോട് റോബിൻസ് പറഞ്ഞിരുന്നു. വണ്ടി ഗ്രാമത്തിന്റെ ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു. പെട്ടെന്നുള്ള കാറ്റ് കാറിനെ പൊടിപടലത്തിൽ മുക്കി. ഡ്രൈവർ കാറിന്റെ സ്പീഡ് കുറച്ചു. 

കുന്നിൻ ചെരുവിന്റെ അരികിൽ കാർ നിർത്തി.

ആ താഴ്‌വാരത്ത് പുല്ലുകളും കുറ്റിച്ചെടികളും തിങ്ങിവളർന്നു നിൽക്കുന്നു.

മറുവശത്ത് ചോളവും ഗോതമ്പും പച്ചക്കറികളും മറ്റും നനച്ചുവളർത്തുന്ന പാടങ്ങൾ പച്ചപ്പരവതാനി വിരിച്ചു നിന്നു. മണ്ണിന് കടും ചുവപ്പു നിറമാണ്. നന്നായി പശിമയുള്ള മണ്ണിന് വളക്കൂറുണ്ടെന്ന് റോബിൻസിന് തോന്നി. 

താഴെ വലിയൊരു കൊക്ക. മുൻപിൽ ചെറിയൊരു മൺപാത. കെവിൻ പറഞ്ഞത് പോലെ: റോഡിൽ നിന്ന് ചെറിയ വഴി. അത് അവന്റെ വീട്ടിലേക്കുള്ള വഴിയാണ്. 

''നമുക്കിറങ്ങാം ഇനി കാർ മുന്നോട്ട് പോകില്ല.'' കെവിൻ പറഞ്ഞു.

ഡ്രൈവർ വണ്ടിയിൽ തന്നെ ഇരുന്നു. റോബിൻസും കെവിനും മുന്നോട്ടു നടന്നു. വഴിയോരത്തു ഇടയ്ക്കിടെ ചില മനുഷ്യരെ കാണാനായി അവരുടെ കൊച്ചുകൊച്ചു കുടിലുകൾ എല്ലാം പുല്ലമേഞ്ഞവയാണ്. അപ്പോൾ ദൂരെ നിന്ന് വലിയൊരു ലഹളയുടേത് എന്നു തോന്നിപ്പിക്കുന്ന ശബ്ദകോലഹലങ്ങൾ കേൾക്കാൻ തുടങ്ങി, ഏതൊ ഒരു സ്ത്രീ ആരെയൊക്കെയോ പ്രാകിക്കൊണ്ട് കാറിക്കരയുന്നു. ഇടയ്ക്കിടെ അതിന് താളഭംഗം വരുത്തിക്കൊണ്ട് കുട്ടികൾ ഉച്ചത്തിൽ കരയുന്നു.

കെവിൻ മുന്നിലേക്ക് കൈചൂണ്ടിക്കൊണ്ടു പറഞ്ഞു: ''ദേ, ആ വളവു തിരിയുന്നിടത്താണ് കിബെറ്റിന്റെ വീട്''

ഇപ്പോൾ കാര്യമായ ശബ്ദകോലാഹലങ്ങളൊന്നും അവിടെ നിന്നും കേൾക്കുന്നില്ല. വീണ്ടും അവർ മുന്നോട്ടു നടന്നു. ഇ കിബെറ്റിന്റെ വീട് അല്പാല്പമായി കാണാറായി. അവിടമാകെ മരണവീടിന് സമാനമായൊരു ഭീകര നിശബ്ദത. അതിനിടയിൽ മൂക്കുചീറ്റുന്നതിന്റെയും ഏങ്ങിയേങ്ങി കരയുന്നതിന്റേയും എന്തോക്കെയോ പിറുപിറുക്കുന്നതിന്റേയും നേർത്ത ശബ്ദം.

അവിടെ, പലകയിളകിയ കസേരയുടെ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരിക്കുന്ന കിബെറ്റിനെ കാണാറായി.

ഉടൻ കെവിൻ ഒന്നു മുരടനക്കിയ ശേഷം വിളിച്ചു

''കിബേറ്റ് കിബേറ്റ് ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ..!'' കിബേറ്റ് ആണിയടിച്ചുകൊണ്ടിരുന്ന ചുറ്റികയുമായി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. കലങ്ങിമറിഞ്ഞിരുന്ന അവന്റെ കണ്ണുകൾ റോബിൻസിനെ കണ്ടതോടെ തെല്ലൊന്നു വിടർന്നു. പ്രത്യാശയുടെ പ്രകാശം ആ കണ്ണുകളിൽ കാണാനായി. അവൻ ചുറ്റിക താഴെയിട്ട് ചാടി എഴന്നേറ്റ്.

''സാർ, അങ്ങ് എന്നെ കാണാൻ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഞാനെന്താ പറയുക! അങ്ങയെ ഇരുത്താൻ ഇവിടെ നല്ലൊരു കസേര പോലുമില്ല?''

''അതോന്നും സാരമില്ല. കസേര കാണാനല്ലല്ലോ ഞാൻ വന്നത്, നിന്നെ കാണാനല്ലേ കിബേറ്റേ!''

അവൻ അവന്റെ തന്നെ വിടും പരിസരവും എങ്ങിനെയാണെന്നറിയാൻ ഒന്നു പരതി നോക്കി.

ചളങ്ങിയ പാത്രങ്ങൾ, ചൂൽ, കൊട്ട, വട്ടി എന്നുവേണ്ട ചെറിയൊരു യുദ്ധക്കളം പോലെ ആ പരിസരം കാണപ്പെട്ടു. അല്പം നാണക്കേടോടെ അവൻ പറഞ്ഞു.

''ക്ഷമിക്കണം കാലത്തെ ഞങ്ങളുടെ ഒരമ്മാവൻ വന്നു ബഹളം കൂട്ടിയതിന്റെ ഫലമാണ് ഇതെല്ലാം.''

അപ്പോൾ കഷ്ടിച്ച് 15 വയസുമാത്രമുള്ള കറുത്ത ക്ഷീണിച്ച പെൺകുട്ടി പുറത്തെ സംസാരം കേട്ടിട്ട് പിന്നാമ്പുറത്തുകൂടി എത്തിനോക്കി. പിന്നെ കുറച്ചുകൂടി മുന്നോട്ടു നീങ്ങിവന്നു. അവൾ പൂർണ്ണ ഗർഭിണിയാണെന്നു തോന്നുന്നു.

കിബേറ്റ് സഹോദരിയെ നോക്കിയിട്ട് അവളോട് പറഞ്ഞു:

''ചെറോണ, നീ അമ്മയെ വിളിച്ചുകൊണ്ടു വാ...''

അവൾ തലയൊന്ന് ആട്ടിയ ശേഷം പിന്നിലേക്കു തന്നെ പോയി.

ഈ സമയം എന്തോക്കെയോ വികൃതശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ആറടിയിലധികം ഉയരമുള്ള അജാനബാഹുവായ ഒരു മനുഷ്യൻ മദ്യപിച്ച് ലക്കുകെട്ട് കുടിലിന്റെ മുറ്റത്തേക്കു കടന്നുവരാൻ ബദ്ധപ്പെടുന്നു. 'ചെങ്ങ' എന്ന വാറ്റിയെടുത്ത മദ്യത്തിന്റെ മണം അവിടമാകെ പരന്നു.

''എടിയെടി... മൂതേവി, തേവിടിശ്ശീ... നീ... ആ പിള്ളേരെ എനിക്കു തന്നാൽ ഞാനവരെ വലിയ..കലാകാരികളാക്കും. ഏത്... കലാകാരികൾ.''

''അമ്മാവ... ഒന്നു നിർത്തുന്നണ്ടോ ഇല്ലേൽ ആ നശിച്ച നാവ് ഞാൻ പിഴുതെടുക്കും.''

തെല്ല് അരിശത്തോടെയാണ് അവനത് പറഞ്ഞത്.

''ആഹാ... എന്റെ മോൻ അതിനൊക്കെ വളർന്നോ..?''

''പിന്നെ അയാൾ റോബിൻസിന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു. ''അല്ലാ..നീ... നീ ആരാ..? എവിടെ നിന്നും വന്ന കഴുതയാടാ..? നീയാ പിള്ളേരെ തട്ടിക്കൊണ്ടപോകാൻ വന്നവനല്ലേ..? 

വെച്ചേക്കില്ല ഞാൻ.. പറഞ്ഞില്ലെന്നു 

വേണ്ട.''

അയാൾ എളിയിൽ നിന്നുമൊരു കഠാര വലിച്ചൂരിയെടുത്തു.

കെവിൻ പരിഭ്രമത്തോടെ അയാളുടെ മുന്നിലേക്ക്  നീങ്ങി.

(തുടരും)

ജോഷി ജോർജ്  


നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam