വയനാട്: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സൊസൈറ്റിയിലെ ജീവനക്കാരൻ നൗഷാദ്.
ഗുരുതരമായ പല ക്രമക്കേടുകളും ബ്രഹ്മഗിരിയിൽ നടന്നിട്ടുണ്ടെന്നും ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും നൗഷാദ് വ്യക്തമാക്കി. സൊസൈറ്റിയിലെ നിക്ഷേപകൻ കൂടിയായ നൗഷാദ്, തൻ്റെ പണം നൽകിയില്ലെങ്കിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് വെളിപ്പെടുത്തൽ. ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷിയാണ് താനെന്നും ചാക്കിൽ കൊണ്ടുവന്ന പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് 2021 ലേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ചില ചിത്രങ്ങൾ ഉൾപ്പെടെ നൗഷാദ് പുറത്തുവിട്ടിട്ടുണ്ട്.
ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി, പ്രത്യേകിച്ച് 'മലബാർ മീറ്റ്' ഫാക്ടറിക്കായി 600-ഓളം നിക്ഷേപകരിൽ നിന്നായി 100 കോടി രൂപയിലധികം സമാഹരിച്ചിരുന്നു.
എന്നാൽ കുറച്ചു വർഷങ്ങളായി ഇവർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികിയില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും. തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടി വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
