പുലിറ്റ്‌സർ ജേതാവ് - നോവൽ 13 - കാർഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

DECEMBER 30, 2025, 9:37 AM

കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. അതിനിടെ അയാളും സംഘവും വനമഹോത്സവത്തിൽ പങ്കെടുക്കാൻ  റോഡ് മാർഗം ടാൻസാനിയായിലേക്കൊരു യാത്ര നടത്തുമ്പോൾ വിചിത്രമായ ചില അനുഭവങ്ങളുണ്ടായി. വനമഹേത്സവം റോബിൻസിന് പുതിയൊരു അനുഭവമായി.  തുടർന്നു വായിക്കുക.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ഉയർന്ന അതിശക്തമായ കാറ്റ് രാത്രിയെ ഉരുക്കിയെടുത്തു. ആ പ്രദേശത്ത് അതിന്റെ എല്ലാ ലക്ഷണങ്ങളും കാണാം. ന്യെറെരെ കൾച്ചറൽ സെന്ററിന് പിന്നിലെ ലൈബ്രറിയിൽ റോബിൻസ് ഇരുന്നു. മുന്നിലെ മേശപ്പുറത്ത് ഒരു റെക്കോർഡർ, ഡയറി,  സിഗരറ്റ് പാക്കറ്റ്. അയാൾ ആഫ്രിക്കയിൽ എന്താണ് തിരഞ്ഞത് അത് ആ വനമഹോത്സവത്തിൽ പങ്കെടുക്കുകവഴി അയാൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്.

തന്റെ പത്രത്തിലെ എക്‌സിക്യൂട്ടിവ് എഡിറ്റർ ജോർജ് ലൂക്കാസിനെ വിളിച്ച് റിപ്പോർട്ടിങ്ങിന്റെ പുരോഗതി അറിയിക്കാറുണ്ട്. ഇപ്പോഴിതാ ഈ വനമഹോത്സവത്തിന്റെ വാർത്ത വേൾഡ് ടൈംസിസിന്റെ ഇന്റർനാഷണൽ എഡിഷനിൽ തന്നെ ഭംഗിയായി കൊടുത്തിരിക്കുന്നു. റോബിൻസിന്റെ മുന്നിലെ കസേരയിൽ വേൾഡ് ടൈംസ് വായിച്ചുകൊണ്ടിരിക്കുന്നു എൻഗുഗി വാ തിയോംഗോ.

vachakam
vachakam
vachakam

വീപ് നോട്ട്  ചൈൽഡ്, ദി റിവർ ബിറ്റ്‌വീൻ, എ ഗ്രൈൻ ഓഫ് വീറ്റ്, ദി ട്രയൽ ഓഫ് ഡീഡാൻ കിമത്തീ, പെറ്റൽസ് ഓഫ് ബ്ലഡ്, ഡെവിൾ ഓൺ ദി ക്രോസ്, ഡീകോളനൈസിങ് ദി മൈന്റ്, മാട്ടിഗാരി തുടങ്ങിയ ഇടിവെട്ട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള ആ മനുഷ്യസ്‌നേഹിയായ സാഹിത്യകാരൻ പത്രം താഴെയിട്ടു. പിന്നെ ഗൗരവമായ ആലോചനയ്‌ക്കൊടുവിൽ എൻഗുഗി വാ വെട്ടിത്തിരിഞ്ഞ് റോബിൻസിനോടായി പറഞ്ഞു:

''കോളനിയലിസം നമ്മെ ഭാഷകൊണ്ട് തോൽപ്പിച്ചു. ഭൂമി എടുത്തു. പിന്നീട് നമ്മൾ തമ്മിൽ തമ്മിൽ പോരാടാൻ പഠിപ്പിച്ചു. അതിന്റെ അവശേഷിപ്പാണ് നിങ്ങളെപ്പോലുള്ളവർ ഇന്ന് 'ദാരിദ്ര്യം' എന്ന് വിളിക്കുന്നത്.'' 

റോബിൻസ് റെക്കോർഡർ ഓൺ ചെയ്യാൻ ശ്രമിച്ചു. എൻഗുഗി വാ കൈ ഉയർത്തി.

vachakam
vachakam
vachakam

''വേണ്ട ഇത് റെക്കോർഡ് ചെയ്യരുത്. ചില സത്യങ്ങൾ കേൾക്കാൻ മാത്രമാണ് ഞാനിത് പറയുന്നത്.'' 

വാതിലിനരികിൽ എൻഗുഗി പറഞ്ഞതു ശ്രദ്ധിച്ചുകൊണ്ട് വാംഗാരി മാതായി പ്രത്യക്ഷപ്പെട്ടു. അവരുടെ സാന്നിധ്യം മുറിയിലെ വായുവിനെ പോലും മാറ്റി. 

''ദാരിദ്ര്യം മനുഷ്യനെ ആദ്യം മൗനത്തിലാക്കും, പിന്നെ പ്രകൃതിയെ കൊല്ലും. സ്ത്രീകളെ നശിപ്പിക്കമ്പോൾ ഒരു രാജ്യം തകരും.'' ഒരു പ്രവാചകയുടെ സ്വരം പോലെ വാംഗാരിയുടെ വാക്കുകൾ മുഴങ്ങി.

vachakam
vachakam
vachakam

ശബ്ദം താഴ്ത്തി റോബിൻസ് ചോദിച്ചു:

''മാവു മാവു കലാപം... അതൊരു വിപ്ലവമായിരന്നോ, അല്ലെങ്കിൽ ഭീകരതയോ?''

ഒരു നിമിഷം ആരും സംസാരിച്ചില്ല. അകലെ ഒരു കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം. കിച്ചാരു പതിയെ പറഞ്ഞു:

'മാവു മാവു വിശപ്പിന്റെ ഭാഷയായിരുന്നു. ഭൂമി നഷ്ടപ്പെട്ടവന്റെ അവസാന നിലവിളി.''

എൻഗുഗി വാ മുന്നോട്ട് ചാഞ്ഞു കൊണ്ടു പറഞ്ഞു:

''പക്ഷേ റോബിൻസ്, അതെഴുതുമ്പോൾ സൂക്ഷിക്കണം. ദാരിദ്ര്യത്തെ ഉണ്ടാക്കിയവർ ഇന്നും അധികാരത്തിലാണ്.'' 

അല്പസമയത്തെ മൗനത്തിനു ശേഷം വിദൂരതയിലേക്ക് നോക്കി എൻഗൂഗി വാ പറഞ്ഞു തുടങ്ങി:

റോബിൻസ് അറിയണം. ലോകത്തെ ഏറ്റവും സമ്പന്നമായ ഭൂകണ്ഡമാണ് ആഫ്രിക്ക. ഒരുകാലത്ത് ആഫ്രിക്കയിലെ മാലി സാമ്രാജ്യം ഭരിച്ചിരുന്ന ഒരു ചക്രവർത്തിയുണ്ടായിരുന്നു. മാൻസ മൂസ അയാൾ ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യനായിരുന്നു..! മൂസ ഒരു ജേതാവായിരുന്നില്ല, മറിച്ച് നല്ലൊരു സംഘാടകനായിരുന്നു. വാളിന്റെ ശക്തിയേക്കാൾ അറിവിന്റെ ശക്തിയിൽ വിശ്വസിച്ചു. മാലിയുടെ ശക്തി രണ്ട് അമൂല്യമായ നിധികളിലായിരുന്നു. ഒന്ന് സ്വർണ്ണഖനികൾ, മറ്റൊന്ന്, സഹാറയുടെ ഹൃദയഭാഗത്തുള്ള ടാഗാസയിലെ ഉപ്പുപാടങ്ങൾ.

ഇടക്കു കയറി ഗിച്ചാരു പറഞ്ഞു: 

'റോബിൻസേ, അക്കാലത്ത് ഉപ്പ് സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതായിരുന്നു കെട്ടോ..!'

'അതേയതേ, മരുഭൂമിയിലെ ചൂടിൽ മനുഷ്യന്റെ ശരീരത്തെ നിലനിർത്താനും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും ഉപ്പ് അത്യാവശ്യമായിരുന്നു.' 

വാംഗാരി മാതായി ആണതു പറഞ്ഞത്. 

എൻഗൂഗി വാ സാവകാശം തുടർന്നു: 

'എന്നാൽ തെക്കൻ പ്രദേശങ്ങളിൽ ഉപ്പ് കിട്ടാനില്ലായിരുന്നു. അതേ സമയം സ്വർണ്ണം വേണ്ടതിലേറെ ഉണ്ടായിരുന്നുതാനും. ഈ രണ്ടു വസ്തുക്കളുടേയും വ്യാപാരമായിരുന്നു മാലി സാമ്രാജ്യത്തിന്റെ പണക്കൊഴുപ്പിന് കാരണം.' 

'വടക്ക് ടഗാസായിൽനിന്നും വലിയ ഉപ്പുപാളികൾ വെട്ടിയെടുക്കാൻ എന്റെ പൂർവ്വീകർ പോയകഥകൾ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. സഹാറ മരുഭൂമിയിലൂടെ ആയിരക്കണക്കിന് ഒട്ടകങ്ങൾ മാസങ്ങളെടുക്കുന്ന യാത്രയിലൂടെ ദുർഘടം പിടിച്ച തെക്കൻ നഗരങ്ങളിൽ അവ എത്തിച്ചിരുന്നുവത്രെ.'

ഗിച്ചാരു അഭിമാനത്തോടെയാണതു പറഞ്ഞത്. 

'തീർന്നില്ല,' ഏറെ ആവേശത്തോടെ എൻഗൂഗി വാ പറഞ്ഞു തുടങ്ങി: 

'അവിടെവച്ച് ആ ഉപ്പുപാളികൾ സ്വർണ്ണപ്പൊടിക്കും സ്വർണ്ണക്കട്ടികൾക്കുമായി കൈമാറ്റം ചെയ്യും. ആ വ്യാപാര പാതകൾ സുരക്ഷിതമാക്കുക എന്നതായിരുന്നു മൂസ ആദ്യം ചെയ്തത്. മാലിയിൽ നിന്നുമുള്ള സ്വർണ്ണം യൂറോപ്പിലേക്കും അവിടെനിന്നുള്ള തുണിത്തരങ്ങൾ ഇങ്ങോട്ടും ഒഴുകിക്കൊണ്ടിരുന്നു.

നീതിയാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയസമ്പത്ത്. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും മികച്ച സൈന്യം..! ചരിത്രത്തിന്റെ ഗതി പ്രവചിക്കാൻ കഴിയുകയില്ലല്ലോ..! എന്തിനേറെപ്പറയുന്നു, പിന്നീടുവന്ന ഭരണാധികാരികൾക്ക് അത് നില നിർത്താൻ കഴിഞ്ഞില്ല. ഒരു വടവൃക്ഷം വീണുകഴിഞ്ഞാൽ, അതിനുകീഴിൽ അതിന്റെ തണലിൽ വളർന്ന ചെറിയ ചെടികൾക്ക് വെയിൽ താങ്ങാൻ കഴിയാതെ പോകുന്നതുപോലെയായിരുന്നു. കാലത്തിന്റെ  കുത്തൊഴുക്കിൽ എല്ലാം തകർന്നു തരിപ്പണമായി.. ആ ചരിത്രമൊക്കെ പിന്നീട് ഐതിഹ്യത്തിന് വഴിമാറിക്കൊടുത്തു.'

'മാൻസ മൂസ സത്യത്തിൽ ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിക്കുകയായിരുന്നു.' വാംഗാരി മാതായി ആണത് പറഞ്ഞത്. അവർ തെല്ലാവേശത്തോടെ തുടർന്നു:

'അദ്ദേഹത്തിന്റെ യഥാർത്ഥ പൈതൃകം എന്നു പറയുന്നത് ലോകത്തിന് അദ്ദേഹം നൽകിയ സ്വർണമോ, ഉപ്പോ ആയിരുന്നില്ല. സഹാറയ്ക്കു തെക്ക് സംസ്‌ക്കാരമില്ലാത്ത ഗോത്രവർഗക്കാർ മാത്രമല്ല ജീവിച്ചിരുന്നതെന്നും മറിച്ച് ശക്തവും സമ്പന്നവും വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സംസ്‌ക്കാരം ഉണ്ടെന്നും ലോകത്തിന് കാണിച്ചുകൊടുത്തു. സൻകോർ മദ്രസയെ ഒരു യൂണിവേഴ്‌സിറ്റിയാക്കി മാറ്റി. ആഫ്രിൻ മണ്ണിൽ നിന്നും ഒരു പ്രാർത്ഥന പോലെ അതുയർന്നു പൊങ്ങി.' 

'അതേയതേ, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗം ഒരിക്കൽ നടത്തിയ പഠനത്തിൽ മാൻസ മൂസയുടെ കാലത്ത് 400ബില്യൺ ഡോളർ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.' ഗിച്ചാരു ആണത് പറഞ്ഞത്. 

അതിന്റെ തുടർച്ച എന്നവണ്ണം എൻഗുഗി വാ പറഞ്ഞു: 

'അതായത് ഇന്നു ലോകത്തെമ്പാടുമായുള്ള സ്വർണ്ണത്തിന്റെ പകുതിയോളം അദ്ദേഹത്തിന്റെതായിരുന്നു.  എന്നു പറഞ്ഞാൽ മനുഷ്യന്റെ ബുദ്ധിക്ക് അളക്കാൻ കഴിയാത്തത്ര സ്വത്ത് ഉണ്ടായിരുന്നു എന്നു ചുരുക്കം. എന്തിനു പറയുന്നു ഒടുവിൽ മാലിയുടെ ഈ ആകർഷണവലയം മോഹിച്ചെത്തിയ യൂറോപ്യന്മാർ അതെല്ലാം പിടിച്ചടക്കി.'

ആ മനുഷ്യ സ്‌നേഹികളുടെ വിവരണങ്ങളത്രയും കേട്ട് മരവിച്ചിരുന്നുപോയി റോബിൻസ്. 

'സമ്പന്നമായ ഭൂമികയാണ് ആഫ്രിക്ക. പക്ഷേ, വിശപ്പുള്ള മനുഷ്യരാണ് അവിടെ ജീവിക്കുന്നവരിലേറെപ്പേരും.! വെള്ളക്കാരുടെ കോളനിവൽക്കരണം കൊണ്ട് സ്വന്തം മണ്ണിൽ കൂലിപ്പണിക്കാരായി മറിയ മനുഷ്യർ..!

*********

നൈരോബിയിലെ ജോമോ കെനിയാറ്റാ അന്താരാഷ്ട്ര വിമാനത്താവളം രാത്രി പന്ത്രണ്ടിന് ശേഷവും ഉറങ്ങുന്നില്ല. റൺവെയിലെ വെളിച്ചം രാവിനെ പകലാക്കുന്നു. എന്നാൽ ആ വെളിച്ചത്തിനപ്പുറം, ഇരുട്ട് നിറഞ്ഞ ഒരു സത്യം ഒളിച്ചിരിപ്പുണ്ടെന്ന് റോബിൻസിന് തോന്നിയിരുന്നു. അയാൾ വാർത്തയൊന്നും തേടിയെത്തിയതല്ല. എന്നാൽ ഏതോ അപരിചിതന്റെ ടെലിഫോൺ സന്ദേശം.

'പോകു ജോമോ കെനിയാറ്റാ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അവിടെ നിങ്ങൾ കാണേണ്ട ഒരു കാഴ്ചയുണ്ട്.'

ആ ഒരു സന്ദേശം മാത്രമാണ് അയാളെ ഇവിടെ എത്തിച്ചത്.

ഫ്രെയ്റ്റ് ഏരിയയിൽ കയറുമ്പോൾ തന്നെ റോബിൻസിന്റെ മൂക്ക് എതിരേറ്റത് ഇന്ധനത്തിന്റെ ഗന്ധമല്ല.

അത്..., അത് അഴുകുന്ന മനുഷ്യവാസന ആയിരുന്നു.

ഒരു ഗ്രൗണ്ട് സ്റ്റാഫ് ചുറ്റും നോക്കി ശബ്ദം താഴ്ത്തിപ്പറഞ്ഞു:

''സാർ... ഇതൊക്കെ സാധാരണമാണ്. പക്ഷേ ഇന്നു... എണ്ണം കൂടിയിട്ടുണ്ട്.''

കാർഗോ ഹോൾഡിന്റെ വാതിൽ തുറക്കുമ്പോൾ

വെളിച്ചം ഉള്ളിലേക്ക് വീണു. അവിടെ നല്ല ചൂട്, ഇരുട്ട്, ശ്വാസം മുട്ടുന്ന വായു.

അതിനകത്ത് ചില മനുഷ്യരൂപങ്ങൾ...!

ചെറുപ്പക്കാരികളായ സ്ത്രീകൾ, നാല് കൗമാരക്കാർ. ചിലർ കെട്ടിപ്പിടിച്ച നിലയിൽ. ചിലർ ഭിത്തിയോട് ചേർന്ന് ശ്വാസം തേടി പിടഞ്ഞ് മരവിച്ച ശരീരങ്ങൾ. ഒരാളുടെ കൈയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഉണങ്ങിയ മൈസിന്റെ കുറച്ച് കണികൾ.

റോബിൻസിന്റെ തൊണ്ട വരണ്ടു. ''ഇവർ... പാരീസിലേക്കു പോകാൻ ശ്രമിച്ചവരാണോ..? ''

അയാൾ ചോദിച്ചു.

സ്റ്റാഫ് തലകുനിച്ചു.

''അതെ സാർ. അവർക്കറിയില്ലായിരുന്നു...കാർഗോ ഹോൾഡിൽ മനുഷ്യൻ ജീവനോടെ പോകില്ലെന്ന്.'

ഒരു ശരീരം മാത്രം ഇനിയും പൂർണ്ണമായി തണുത്തിരുന്നില്ല.

റോബിൻസ് മുട്ടുകുത്തി. ആ മനുഷ്യന്റെ കണ്ണുകൾ പാതി തുറന്ന നിലയിൽ.

അയാളുടെ അധരങ്ങൾ പിറുപിറുക്കുന്നണ്ടോ..! ആ സംശയം ബലപ്പെട്ടു. 

ഇനിയും എന്തോ പറയാൻ ശ്രമിക്കുന്നതു പോലെ.

റോബിൻസ് ചെവി അയാളുടെ ചുണ്ടോട് ചേർത്തുവച്ചു. വരണ്ട ശ്വാസത്തിനിടയിൽ വാക്കുകൾ ചോർന്നു: വെള്ളം ഒരിറ്റ് വെ...! അതുപൂർത്തിയാക്കാൻ ആ പാവത്തിന് കഴിഞ്ഞില്ല. അപ്പോഴേക്കും അധികൃതർ അങ്ങോട്ടേക്കു പാഞ്ഞുവന്നു. റോബിൻസിനെ തള്ളിമാറ്റി.

അയാൾ പുറത്തിറങ്ങി.

ആകാശത്തേക്ക് നോക്കി. അപ്പോൾ ഒരു വിമാനം യൂറോപ്പിലേക്കു കുതിച്ചു പൊങ്ങുന്നുണ്ടായിരുന്നു. അതിൽ മരിച്ചീനി, തേയില, ഖനിജങ്ങൾ..! വലിയ ലാഭം ഉള്ള ബിസിനസ്സു തന്നെ..! 

എന്നാൽ ഇവിടെ, ഈ മണ്ണിൽ ബഹുഭൂരിപക്ഷം മനുഷ്യർക്കും ഭക്ഷണം ഇല്ല.

മനുഷ്യന് ജീവിക്കാനുള്ള അവകാശം ഇല്ല. എന്നാൽ ഇവരാരും  അനധികൃത കുടിയേറ്റക്കാരല്ല. ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

ദാരിദ്ര്യത്തിൽ നിന്ന്. കൊടീയ വിശപ്പിൽ നിന്ന്. സ്വന്തം ഭൂമി സ്വന്തമല്ലാത്ത ഒരു സിസ്റ്റത്തിൽ നിന്ന്.  റോബിൻസ് മനസ്സിൽ രണ്ടു വരി കുറിച്ചിട്ടു. അതിങ്ങനെയായിരുന്നു: 

''ആഫ്രിക്കക്കാർ യൂറോപ്പിലേക്ക് ഒളിച്ചുകയറുന്നില്ല.

യൂറോപ്പ് ആഫ്രിക്കയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.''

അയാൾ ഹോട്ടലിലേക്കു തന്നെ മടങ്ങി.

ഹോട്ടൽ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ടും റോബിൻസിന്  ഉറക്കം വന്നില്ല.

കാർഗോ ഹോൾഡിലെ ആ മുഖങ്ങൾ..! അവ ഇരുട്ടിൽ തെളിഞ്ഞുനിന്നു.

അപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം. ആ പത്രപ്രവർത്തകൻ

സ്വാഭാവികമായി ജാഗ്രതയിലായി..!  

(തുടരും)

ജോഷി ജോർജ്

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam