തൃശ്ശൂര്‍: കൈയെത്തും ദൂരത്ത് കാത്തിരുന്ന ജോലി സ്വപ്നങ്ങളും വലിയ പ്രതീക്ഷകളും ബാക്കിയാക്കി കയ്പമംഗലം വാഹനാപകടത്തില്‍ പൊലിഞ്ഞത് എട്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ജീവന്. ദിണ്ടിക്കല്‍ പി.എസ്.എന്‍.എ എന്‍ജിനിയറിങ് കോളേജിലെ സിവില്‍, മെക്കാനിക്കല്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളും ഉറ്റസുഹൃത്തുക്കളുമായ എട്ടുപേരുടെ ദാരുണാന്ത്യം നാടിനെയും കലാലയത്തെയും ഒരുപോലെ വിറങ്ങലിപ്പിച്ചു. ഇതില്‍ മെക്കാനിക്കല്‍ വിദ്യാര്‍ഥി ഐ. സൂര്യക്ക് ടി.വി.എസ് ലുക്കാസ് കമ്പനിയില്‍ ജോലി ലഭിച്ച് ഓഫര്‍ലെറ്റര്‍ കൈപ്പറ്റി വെറും 20 ദിവസത്തിനുള്ളിലാണ് അപകടം കവര്‍ന്നത്.
സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ആദ്യമായി ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്ന സൂര്യ, സ്വപ്നം കണ്ടിരുന്ന ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കെയാണ് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കോളേജിന് മൂന്ന് ദിവസം അവധി ലഭിച്ചതോടെയാണ് ഇവര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചത്. സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ യുവസഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. യുവസഞ്ജിത്ത് ഏര്‍പ്പാടാക്കിയ വാഹനത്തില്‍ മധുര വഴിയാണ് സംഘം സഞ്ചരിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നതും യുവസഞ്ജിത്താണ്.
ശനിയാഴ്ച രാവിലെ കേരള പോലീസ് കോളേജധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. ബാക്കി ഏഴുപേരും ദിവസേന വീട്ടില്‍ നിന്ന് പോയിവന്നിരുന്നവരാണ്.
പഠനത്തിലും മുന്‍പന്തിയിലായിരുന്ന വിദ്യാര്‍ഥികളുടെ അപ്രതീക്ഷിത വിയോഗം കോളജിനെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി. ദിണ്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം വീടുകളിലെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
