തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നീക്കം നടന്നുവെന്ന് മുൻ വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൾ ഹക്കീം. ഡോ. അബ്ദുൾ ഹക്കീം രചിച്ച മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും എന്ന പുസ്തകത്തിലാണ് നിർണായക വെളിപ്പെടുത്തലുകൾ. ഈ മാസം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും. എൽഡിഎഫ് സർക്കാരിൻറെ കാലാവധി അവസാനിക്കുന്ന മേയ് വരെ റിപ്പോർട്ടിൽ നടപടിയൊന്നും സ്വീകരിക്കരുത്. അതിനുശേഷം ആലോചിക്കാമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ പറഞ്ഞതായി പുസ്തകത്തിൽ അബ്ദുൾ ഹക്കീം ആരോപിക്കുന്നു.
വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിൻറെ പകർപ്പ് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് അത് നൽകാതിരിക്കാൻ ശ്രമം നടന്നു. ഇതിനായി കമ്മീഷൻറെ മൂന്നംഗ ഡിവിഷൻ ബെഞ്ച് അസാധാരണമായി രൂപവത്കരിച്ചെന്നും നടപടി ബോധപൂർവം വൈകിപ്പിച്ചെന്നുമാണ് അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ.
വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് 2024 ജൂലൈ അഞ്ചിന് ഉത്തരവിട്ടത് അന്നത്തെ വിവരാവകാശ കമ്മിഷണറായിരുന്ന ഡോ. അബ്ദുൾ ഹക്കീമായിരുന്നു.
എന്നാൽ ഉത്തരവനുസരിച്ച് റിപ്പോർട്ടിൻറെ പൂർണ പകർപ്പ് നൽകിയില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ നീക്കം നടന്നതെന്നാണ് ഹക്കീമിൻറെ വെളിപ്പെടുത്തൽ. മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി എന്ന അധ്യായത്തിലാണ് വിവരാവകാശ കമ്മിഷനിലെ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
