കൊച്ചി: ട്രെയിനുകളിലെ ടിക്കറ്റില്ലാ യാത്രക്കാര്‍ക്ക് ഇനി റെയില്‍വേയുടെ പിടിവീഴും. ടിക്കറ്റില്ലാത്തവരെ കണ്ടെത്തി പിഴ ചുമത്തുന്നതിനായി റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്കും സ്‌ക്വാഡിനും ഉയര്‍ന്ന ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കി. പിഴ ഈടാക്കല്‍ ശക്തമാക്കുന്നതിലൂടെ റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
യാത്രാ ദൂരത്തിന് (കിലോമീറ്റര്‍) അനുസരിച്ചായിരിക്കും ഇനി പിഴ ഈടാക്കുക. ടിക്കറ്റ് നിരക്കിലും നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിലവില്‍ പാലക്കാട് ഡിവിഷനില്‍ സ്ലീപ്പര്‍ കോച്ചുകളുടെ ചുമതലയുള്ള ഒരു ടിക്കറ്റ് പരിശോധകന് ഒരു മാസം 10,000 രൂപയായിരുന്നു പിഴയായി ഈടാക്കേണ്ടിരുന്ന ലക്ഷ്യം. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഇത് 25,000 രൂപയായി ഉയര്‍ത്തി. ഒരു വര്‍ഷം കൊണ്ട് ഏകദേശം 27 കോടി രൂപയോളം പിഴയായി സമാഹരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ സീറ്റ്/ബര്‍ത്ത് മാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന് പുറമെയാണിത്.
കോച്ച് മാറി കയറുന്നത് ഉള്‍പ്പെടെയുള്ള നിസാര കാര്യങ്ങള്‍ക്ക് പോലും ഇനി വലിയ തുക പിഴ നല്‍കേണ്ടി വരും. പ്രധാനമായും താഴെ പറയുന്നവ പിഴയുടെ പരിധിയില്‍ വരും. ഡി-റിസര്‍വ്ഡ് കോച്ചുകള്‍ ഒഴികെയുള്ള സ്ലീപ്പര്‍ കോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ കയറിയാല്‍ ടിക്കറ്റില്ലാ യാത്രയായി കണക്കാക്കി പിഴ ഈടാക്കും. പകല്‍ സമയങ്ങളില്‍ ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചുകളില്‍ കയറുന്നവരെ സ്‌ക്വാഡ് പിടികൂടി പിഴ ചുമത്തും. ടിക്കറ്റുള്ള ക്ലാസില്‍ നിന്നും ഉയര്‍ന്ന ക്ലാസുകളിലേക്ക് അനുവാദമില്ലാതെ മാറി കയറുന്നത്.
അതേസമയം നിസാര കാര്യങ്ങള്‍ക്ക് പോലും കര്‍ശനമായി പിഴ ഈടാക്കാനുള്ള തീരുമാനം ട്രെയിനുകള്‍ക്കുള്ളില്‍ യാത്രക്കാരും ടിക്കറ്റ് പരിശോധകരും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് റെയില്‍വേ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അണ്‍-റിസര്‍വ്ഡ്, സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടും റെയില്‍വേ ഡി-റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം കൂട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ വണ്ടികള്‍ അനുവദിക്കുന്നതിന് പകരം, ഉള്ള കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്.
മലബാര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളിലും സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് അവ എ.സി കോച്ചുകളാക്കി മാറ്റിയതോടെ സാധാരണക്കാരുടെ യാത്രാ സൗകര്യം നഷ്ടപ്പെട്ടു. ഷൊര്‍ണൂര്‍-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്റര്‍ റൂട്ടില്‍ പകല്‍ സമയങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കാത്തതും ആവശ്യത്തിന് മെമു സര്‍വീസുകള്‍ ഇല്ലാത്തതും യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
