എറണാകുളം : ചേർത്തല എൻ.എസ്.എസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 2010 സെപ്റ്റംബർ 13 ന് മരിച്ച അദ്ധ്യാപകന്റെ ഭാര്യക്ക് നൽകേണ്ട കുടുംബപെൻഷൻ കുടിശികയായ 47,89,221 രൂപ ഒറ്റത്തവണയായി നൽകുന്നതിന് സർക്കാർ ഉത്തരവിറക്കി.
15 വർഷത്തിന് മുമ്പ് നൽകേണ്ട കുടിശിക ഇനിയും നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബന്ധപ്പെട്ട കോളേജിന്റെയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കാര്യാലയങ്ങളിൽ നിന്നുണ്ടായ വീഴ്ച കാരണമാണ് അനന്തരാവകാശികൾക്ക് ഭീമമായ തുക കുടുംബപെൻഷൻ കുടിശികയാവാൻ കാരണമെന്ന് സർക്കാരിന് ബോധ്യമായതായി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. ഇത്രയും വലിയ കാലതാമസമുണ്ടാകാനുള്ള കാരണത്തെകുറിച്ച് അടിയന്തരമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞു.
2010 സെപ്റ്റംബർ 14 മുതൽ 2024 ജൂലൈ 31 വരെയുള്ള യുജിസി കുടുംബ പെൻഷൻ പരിഷ്ക്കരണ കുടിശികയും 2014 ജനുവരി 1 മുതൽ 2019 ജൂൺ 30 വരെയുള്ള ക്ഷാമബത്ത കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കളുമാണ് പരാതിക്കാരിക്ക് നൽകാനുണ്ടായിരുന്നത്. കോളേജിൽ നിന്നും പ്രപ്പോസൽ ലഭിക്കാൻ വൈകിയതിനാലാണ് കാലതാമസമുണ്ടായതെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു.
ജൂലൈ 7 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരത്ത് നടത്തിയ സിറ്റിംഗിൽ ധനവകുപ്പ് അണ്ടർസെക്രട്ടറിയെയും ട്രഷറി ഡയറക്ടറെയും നേരിൽ കേട്ടു. തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ പരാതിക്കാരിക്ക് നൽകേണ്ട മുഴുവൻ കുടിശികയും ഒറ്റത്തവണയായി നൽകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. വിധവയായ പരാതിക്കാരിക്ക് കുടശിക നൽകാൻ ഇനിയും കാലതാമസമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കേണ്ടി വരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് 10 ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കാനിരിക്കെയാണ് കുടിശിക നൽകാൻ തീരുമാനമുണ്ടായത്.
മരിച്ച അദ്ധ്യാപകൻ ബി. രവിന്ദ്രൻ പിള്ളയുടെ ഭാര്യ നോർത്ത് പറവൂർ സ്വദേശിനി ബീനാ രാധ സമർപ്പിച്ച പരാതിയിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
