മലപ്പുറം: എടയൂർ പഞ്ചായത്തിലെ പലേമ്പറമ്പ് പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞതോടെ ആശങ്ക ശക്തമായി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിൻ മുകളിലെ മൺകൂനകളാണ് അപകടഭീഷണി ഉയർത്തുന്നത്. കുന്നിന്റെ മുകൾഭാഗം പൂർണമായും ഇടിച്ചുനിരത്തിയ നിലയിലാണുള്ളത്. ഇന്നലെ വൈകിട്ടും സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. ഇതിന് താഴെയുള്ള 40-ലധികം വീടുകളാണ് നിലവിൽ ഭീഷണിയിലായിരിക്കുന്നത്.
കുന്നിടിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുകയാണ് ഉടമ നടത്തിയതെന്നാണ് വിവരം. പഞ്ചായത്തിന്റെയോ ജിയോളജി വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് കുന്നിടിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റിപ്പോർട്ടറിനോട് പറഞ്ഞു.
"പഞ്ചായത്തിൽ നിന്നോ ജിയോളജി വകുപ്പിൽ നിന്നോ അനുമതി വാങ്ങിയിട്ടില്ല. രണ്ട് വർഷം മുമ്പ് ഇവിടെ അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസിന്റെ സഹായത്തോടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലഭിച്ച കനത്ത മഴയെ തുടർന്നാണ് കുന്നിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടത്," പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കുന്നിന്റെ മുകൾഭാഗത്ത് നിരവധി വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ പുതിയ വിള്ളലുകളും കണ്ടെത്തിയതായും പ്രദേശവാസികൾ പറഞ്ഞു. ശക്തമായ മഴ തുടർന്നാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുവഴി വടക്കുമ്പുറം, ചേനാടൻ, കുളമ്പ് പ്രദേശങ്ങളിലെ നിരവധി വീടുകൾ അപകടത്തിലാകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
ജിയോളജി വകുപ്പ് നേരത്തെ പ്രദേശം പരിശോധിച്ച് മഴവെള്ളം കുന്നിൽ കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിച്ചിരുന്നുവെന്നും, എന്നാൽ സ്ഥലം ഉടമ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
