മഞ്ചേരി: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. കേസിൽ പ്രതികളായ നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2022 മാർച്ച് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പാലക്കാട്ടിൽ നിന്ന് മടങ്ങുകയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചുവെന്നാരോപിച്ച് ബൈക്കിലെത്തിയ ഷുഹൈബും അബ്ദുൽ മാജിദും ഒലിപ്രക്കാട് വെച്ച് വാക്കേറ്റമുണ്ടാക്കുകയായിരുന്നു.
വാക്കുതർക്കത്തിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർത്തു. തുടർന്ന് ഷംസീറിനെ ഫോണിൽ വിളിച്ചുവരുത്തിയ പ്രതികൾ, വാഹനത്തിന്റെ കേടുപാടുകൾ പരിശോധിച്ചുകൊണ്ടിരുന്ന അബ്ദുൽ ജലീലിനെ കരിങ്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷുഹൈബാണ് അബ്ദുൽ ജലീലിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് മാരകമായി അടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 30-ന് മരണത്തിന് കീഴടങ്ങി.
കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി മൂന്ന് പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.
അതേസമയം, കോടതി വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് അബ്ദുൽ ജലീലിന്റെ കുടുംബം പ്രതികരിച്ചു. ഒന്നാം പ്രതി ഷുഹൈബിന് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് അബ്ദുൽ ജലീലിന്റെ മകൻ സനീൻ പറഞ്ഞു. കേസിനിടെ ഷുഹൈബ് കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
