തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സമാന കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
വടക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ബംഗ്ലാദേശിന് സമീപവും രൂപപ്പെട്ടിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരത്തിന് സമീപം ന്യൂനമർദമായി മാറിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഈ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഈ മാസം 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയ്ക്ക് പുറമെ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഉയർന്ന താപനിലയും അനുഭവപ്പെടും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭ സാധ്യതയും നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, സോമാലിയ, ഒമാൻ തീരപ്രദേശങ്ങൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരപ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
