മലപ്പുറം: പാണക്കാട് ഏടായിപ്പാലത്ത് മണ്ണിടിച്ചിൽ ഉണ്ടായതിന് ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശത്ത് അനധികൃതമായി ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിച്ചെന്ന ആരോപണം ശക്തമാകുന്നു. മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള പെട്രോൾ പമ്പ് നിർമാണ സ്ഥലത്താണ് സ്ഫോടനം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഉഗ്രശബ്ദത്തോടെയുണ്ടായ പാറപൊട്ടിക്കൽ സമീപത്തെ വീടുകളിൽ വരെ പ്രകമ്പനം സൃഷ്ടിച്ചിരുന്നുവെന്നും ക്വാറികളിൽ നടത്തുന്ന രീതിയിലുള്ള സ്ഫോടനമാണ് നടന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ജനവാസ മേഖലയിലായതിനാൽ ഇത്തരത്തിലുള്ള ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നിയമവിരുദ്ധമാണെന്നും, അധികൃതരുടെ അനുമതിയോടെയാണ് പ്രവർത്തനം നടന്നതെന്ന സംശയവും ഉയരുന്നുണ്ട്.
പാറപൊട്ടിക്കലിന് പിന്നാലെയാണ് ഏടായിപ്പാലം മേഖലയിലെ മണ്ണിടിച്ചിൽ ഭീഷണി ശക്തമായതെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ്ങിന് പങ്കുണ്ടോയെന്നത് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് പാറപൊട്ടിക്കൽ നടന്നതെന്നും റിപ്പോർട്ടുണ്ട്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പരിസ്ഥിതി ദുർബല മേഖലയിലായിട്ടും ക്വാറിക്ക് സമാനമായ രീതിയിൽ പാറ പൊട്ടിച്ചതെന്നാണ് ആരോപണം.
പാറയുടെ ഒരു ഭാഗം പൂർണമായും തുരന്നെടുത്ത നിലയിലാണുള്ളത്. പൊട്ടിച്ചെടുത്ത പാറയും ഇതിനായി ഉപയോഗിച്ച യന്ത്രങ്ങളും ഇപ്പോഴും സ്ഥലത്തുണ്ടെന്നാണ് വിവരം. വീടുകളിൽ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് പ്രവർത്തനം നിർത്തിവെച്ചതെന്നും പറയുന്നു.
2018-ൽ പാണക്കാട് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 13 ഏക്കർ ഭൂമി കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഒരാൾക്ക് വിറ്റിരുന്നു. തുടർന്ന് ഭൂമി പ്ലോട്ടുകളാക്കി വിൽപ്പന നടത്തി. ഇതിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായ 50 സെന്റ് സ്ഥലവും നൗഫൽ, സലീം എന്നിവർ സ്വന്തമാക്കിയത്. സമീപത്തെ പെട്രോൾ പമ്പ് നിർമാണത്തിനുള്ള സ്ഥലവും പിന്നീട് മറ്റൊരാൾ വാങ്ങുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം–പാണക്കാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ 8.46-ന് ആദ്യ മണ്ണിടിച്ചിലും തുടർന്ന് 9.28-ന് ശക്തമായ രണ്ടാമത്തെ മണ്ണിടിച്ചിലും രേഖപ്പെടുത്തി. സംഭവത്തിന് മുമ്പ് നടന്നതായി ആരോപിക്കുന്ന ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ്ങിന് മണ്ണിടിച്ചിലുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ഇനി അന്വേഷണം കേന്ദ്രീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
