കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ കെ നൽകിയ പരാതിയിലാണ് നടപടി.
'നിതിൻ കക്കാടത്ത്' എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമർശം കമന്റ് ബോക്‌സിൽ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പവർകട്ടിനെ വിമർശിച്ച് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച ആലപ്പുഴയിലെ പിഡിപി പ്രവർത്തകൻ അഹമ്മദ് കബീറിന്റെ മൊബൈൽ ഫോൺ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി.
പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഫോൺ തിരികെ നൽകിയെങ്കിലും, തുടർന്ന് ഡിവൈഎസ്‌പിയുടെ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും, തുടർച്ചയായ പവർകട്ടിനെ തുടർന്നുണ്ടായ കുടുംബത്തിന്റെ ബുദ്ധിമുട്ട് പങ്കുവെച്ചതാണെന്നും അഹമ്മദ് കബീർ പ്രതികരിച്ചു.
"ഞാൻ 'പൂക്കി' എന്ന് മാത്രമാണ് പറഞ്ഞത്. അത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പ്രയോഗമാണെന്ന് എനിക്ക് അറിയില്ല. ന്യൂജെൻ ഭാഷയിലെ ഒരു പ്രയോഗം മാത്രമാണ് അത്. രാത്രി 2.30-ന് വൈദ്യുതി പോയതോടെ കുട്ടികൾ ഉറക്കമുണർന്ന് കരഞ്ഞു. ഒരു പിതാവെന്ന നിലയിൽ ഉണ്ടായ വിഷമമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ല," എന്നാണ് അഹമ്മദ് കബീർ വിശദീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
