തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളിൽ ‘ ClickFix ’ എന്ന പേരിൽ പുതിയ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കേരള പോലീസിൻറെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദർശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് തട്ടിപ്പിനായി സൈബർ കുറ്റവാളികൾ ശ്രമിക്കുന്നു.
ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ, അവയിൽ GENUINE CAPTCHA വെരിഫിക്കേഷൻ ഉണ്ടായിരിക്കും. എന്നാൽ സൈബർ കുറ്റവാളികൾ CAPTCHA പരിശോധന പൂർത്തിയാക്കിയതിന് ശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദർശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സിൽ സൈബർ കുറ്റവാളികൾ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിർദ്ദേശങ്ങളായിരിക്കും പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇത്തരം നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിപ്പിച്ചാൽ, സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യുന്നതിനും അതിലൂടെ നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് പാസ്വേഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകൾ എന്നിവ കൈക്കലാക്കുകയും തുടർന്ന് സൈബർ കുറ്റവാളികൾ ഈ ഡാറ്റ ലോക്ക് ചെയ്യുകയും ഇപ്രകാരം ലോക്ക് ചെയ്ത അക്കൗണ്ടുകൾ അൺലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിൻറെ രീതി.
ഇത്തരം തട്ടിപ്പിൽ നിന്നും അകലം പാലിക്കുക. അംഗീകൃതമായ ഒരു വെബ്സൈറ്റും CAPTCHA പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് PowerShell അല്ലെങ്കിൽ Command Prompt കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ, തുറക്കാനോ, CAPTCHA പരിശോധന പൂർത്തിയാക്കുന്നതിനായി ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, ഏതെങ്കിലും സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടാറില്ല. നിങ്ങളുടെ കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നുകയാണെങ്കിൽ, ഉടൻതന്നെ WiFi അല്ലെങ്കിൽ LAN കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇൻറർനെറ്റിൽ നിന്ന് വേർപ്പെടുത്തേണ്ടതാണ്.
സംശയാസ്പദമായ ഫയലുകൾ പരിശോധിക്കുന്നതിനായി അവ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്. ഇത്തരത്തിൽ സംശയം തോന്നിയാൽ ഉടൻതന്നെ ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുക.
ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കോ ബന്ധപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
