തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തിൽ മുൻ ആരോഗ്യ മന്ത്രിമാരായ പി.കെ.ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർ നടത്തിയ പത്രസമ്മേളനം രാഷ്ട്രീയമായി തിരിച്ചടിയായെന്ന വിലയിരുത്തലിൽ സിപിഎം. കെ. മുരളീധരൻ ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുത്തശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയതെന്നായിരുന്നു കഴിഞ്ഞ ദിവസം മുൻ മന്ത്രിമാർ പത്രസമ്മേളനം നടത്തി പറഞ്ഞത്.
ഇതിനെതിരെ മന്ത്രി കെ. മുരളീധരൻ കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. മരുന്ന് ഗുണനിലവാരം ഉള്ളതാണെന്നു ഡോക്ടർമാരുടെ സംഘം ഉറപ്പുവരുത്തിയെന്നും അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
എന്നാൽ ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാടു മറന്നുകൊണ്ടുള്ള പ്രതികരണമാണു മുൻ മന്ത്രിമാർ നടത്തിയതെന്നാണ് സിപിഎമ്മിനുള്ളിൽ തന്നെയുള്ള വിമർശനം. മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടു രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിനു പകരം പരീക്ഷണ വാദം ഉയർത്തിയതിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആവശ്യമായ തയാറെടുപ്പുകളോടെയല്ല മൂവരും പത്രസമ്മേളനം നടത്തിയതെന്നുമാണു നേതാക്കളുടെ വിമർശനം.
ഇതിനിടെ എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ രംഗത്തെത്തി. മരുന്ന് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
