വിവരാവകാശ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ് കോൺ​ഗ്രസ്: പിണറായി വിജയൻ

OCTOBER 24, 2026, 10:38 AM

തിരുവനന്തപുരം:  സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ നിർണായക രേഖകളും വിവരങ്ങളും ഇനി പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം (RTI) ലഭിക്കില്ലെന്ന തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രം​ഗത്ത്. 

 വിജിലൻസിലെ 22 സെക്ഷനുകളിൽ വെച്ച് അതീവ രഹസ്യസ്വഭാവമുള്ള 'ടി സെക്ഷനിലെ' (T Section) വിവരങ്ങളെ ആർടിഐ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത് .സംസ്ഥാനത്തെയും ഭരണസംവിധാനങ്ങളെയും ബാധിക്കുന്ന നിർണായക അന്വേഷണ വിവരങ്ങളും റിപ്പോർട്ടുകളും ഇനി വിവരാവകാശ പ്രകാരം ലഭ്യമാകില്ല. ഏതൊക്കെ കേസുകളുടെയും പരാതികളുടെയും ഫയലുകളാണ് ടി സെക്ഷനിലേക്ക് മാറ്റേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും. ഈ ഉത്തരവിനെതിരെയാണ് പിണറായി വിജയൻ രം​ഗത്ത് എത്തിയത്. 

 അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

  രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ 'ടി' ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മുടി വെക്കാനുള്ള നഗ്നമായ ഇടപെടലാണ്. പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിത്.

മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഭരണത്തണലിൽ അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്.

വിവരാവകാശ നിയമം തങ്ങളുടെ 'തറവാട്ടുസ്വത്ത്' ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ്.

vachakam
vachakam
vachakam

ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദ്ദവും ഇടപെടലും കാരണമാണ് യുപിഎ കാലത്ത് ഈ ജനകീയ ആയുധം രാജ്യത്ത് പിറവിയെടുത്തത്. എന്നാൽ ഇന്ന് സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുണ്ടെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകും എന്നാണ് ചിന്തിക്കേണ്ടത്.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള കേരളത്തിലെ ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി  നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണം. കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam