കൊച്ചി: മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത് സിംഗിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് കേസെടുത്തത്. ബിഎന്‍എസ് 353(2), 192 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതും കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയോ അല്ലെങ്കിൽ കലാപമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പ്രകോപനം സൃഷ്ടിക്കുന്നതോ സംബന്ധിച്ചാണ് ഈ വകുപ്പുകൾ.
ഫോർട്ട് കൊച്ചിയിലെ ‘കാശി’ എന്ന ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് അതെന്നും യുട്യൂബർ ഇൻസ്റ്റാഗ്രാം വഴി വിഡിയോ പ്രചരിപ്പിച്ചു.
കൂടാതെ, ഈ കഫേയിൽ ഗാന്ധിജിയുടെ പ്രതിമയോടൊപ്പം മുഹമ്മദലി ജിന്നയുടെ വെള്ളി പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്നും വിഡിയോയിൽ പറയുന്നുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ മുസ്ലിങ്ങള്‍ കൂടുതലാണെന്നും അതുകൊണ്ട് കേരളം അപകടത്തിലാണ് എന്നായിരുന്നു വിവാദ പരാമര്‍ശം. ഫോര്‍ട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-റിക്ഷാ ഡ്രൈവര്‍മാരും മുസ്ലിംകളാണെന്നും വീഡിയോയില്‍ പറയുന്നു. ഈ പ്രദേശം പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും ഇന്റഫ്ലൂവന്‍സര്‍ അഭിപ്രായപ്പെടുന്നു.
അമൃത് സിംഗിനെതിരെ യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്തുകയും സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
