കൊച്ചി: ആഗോള കാലാവസ്ഥാ വ്യതിയാനവും സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവും കാരണം കേരള തീരത്ത് രൂക്ഷമായ മത്സ്യക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധ പഠന റിപ്പോര്‍ട്ട്. കടലിലെ താപനില പെട്ടെന്ന് ഉയരുന്നതോടെ ഉപരിതല മീനുകളായ മത്തി, അയല, നെത്തോലി എന്നിവ തണുപ്പുള്ള വടക്കന്‍ സമുദ്ര ഭാഗങ്ങളിലേക്കും ആഴക്കടലിലേക്കും ചേക്കേറാന്‍ ഇടയുണ്ടെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാറും കുസാറ്റ് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില രണ്ട് ഡിഗ്രിയില്‍ അധികമായി ഉയരുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ തീവ്രമാകും. മീനുകളുടെ ഈ കൂട്ടപ്പലായനം മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത വരുമാനമാര്‍ഗ്ഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. തീരക്കടലില്‍ മീനുകളുടെ ലഭ്യത കുറയുന്നതോടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇന്ധനം ചെലവഴിച്ച് പുറംകടലിലേക്ക് പോകേണ്ടിവരുന്നത് സാമ്പത്തിക നഷ്ടം വര്‍ദ്ധിപ്പിക്കും.
അമിത മത്സ്യബന്ധനം, കടലിലെ പ്ലാസ്റ്റിക് മലിനീകരണം, അശാസ്ത്രീയമായ ഡ്രഡ്ജിങ് എന്നിവ സമുദ്ര ആവാസവ്യവസ്ഥയെ കൂടുതല്‍ തകരാറിലാക്കുന്നുണ്ടെന്നും കേന്ദ്ര സമുദ്ര ഫിഷറീസ് ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. എല്‍ നിനോ പ്രവചനങ്ങള്‍ മുന്‍നിര്‍ത്തി മത്സ്യ ബന്ധനത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും സമഗ്രമായ മുന്‍കരുതല്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
