തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനം പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ അനിശ്ചിതത്വത്തിൽ. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ (കെഡിആർബി) ഒഴിവാക്കി നിയമന ചുമതല ഗുരുവായൂർ ദേവസ്വം മാനേജ്മെന്റിന് നൽകാൻ സർക്കാർ തീരുമാനിച്ചതോടെയാണ് ഉദ്യോഗാർത്ഥികൾ ആശങ്കയിലായത്.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് കെഡിആർബി നടത്തിയ പരീക്ഷയിൽ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. എന്നാൽ നിലവിലെ താത്കാലിക ജീവനക്കാരും ചില സംഘടനകളും കെഡിആർബി വഴിയുള്ള നിയമനത്തെ എതിർത്തതോടെ വിഷയം ഹൈക്കോടതിയിലെത്തി.
തുടർന്ന്, ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ നിന്ന് കെഡിആർബിയെ ഒഴിവാക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇതോടെ പരീക്ഷയെഴുതി നിയമനത്തിനായി കാത്തിരുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.
കെഡിആർബി നടത്തിയ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി മുൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഭരണമാറ്റത്തിന് ശേഷം യുഡിഎഫ് സർക്കാർ അപ്പീൽ പിൻവലിക്കാൻ തീരുമാനിച്ചു. ഈ നടപടി തങ്ങളെ വഞ്ചിക്കുന്നതാണെന്നും ചിലർക്ക് അനുകൂലമായാണ് സർക്കാർ നീങ്ങുന്നതെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.
അതേസമയം, ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾക്ക് പ്രത്യേക നിയമപരമായ വ്യവസ്ഥകളുണ്ടെന്നാണ് ദേവസ്വം മന്ത്രി കെ. മുരളീധരന്റെ വിശദീകരണം. ഹൈക്കോടതി വിധിയെ സർക്കാർ അംഗീകരിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയെ വീണ്ടും സമീപിച്ച് പൊതുപണം ചെലവഴിക്കാൻ താൽപര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ നിലപാട് വ്യക്തമായതോടെ കെഡിആർബി സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് ഇനി ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. ഓഗസ്റ്റ് 11-ന് പരിഗണനയ്ക്കെത്തുന്ന ഹർജിയിലെ കോടതി വിധി അറിഞ്ഞശേഷം തുടർ സമരപരിപാടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
