കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ 20-കാരിയായ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയുംമുമ്പ് റിസ ജീവനൊടുക്കാൻ കാരണമായത് ഭർത്താവിന്റെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആസിഫ് ലഹരി ഉപയോഗിച്ചിരുന്നതായും അത് റിസ നേരിൽ കണ്ടിരുന്നുവെന്നും, ഇതടക്കമുള്ള കാര്യങ്ങൾ ആത്മഹത്യയ്ക്ക് കാരണമായതായി റിസ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിൽ വ്യക്തമാണെന്നും കുടുംബം ആരോപിച്ചു. റിസയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും സുഹൃത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും അന്വേഷണത്തിന് നിർണായകമാണെന്നും ഇവർ പറയുന്നു.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ആസിഫിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. റിസ മരിച്ച ദിവസം തന്നെ വിദേശത്തേക്ക് പോയ ആസിഫിനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതിന് മുമ്പും ഭർതൃവീട്ടിൽ വെച്ച് റിസ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ദുബായിൽ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തിൽ പലതവണ നാട്ടിലെത്താറുണ്ടായിരുന്നുവെന്നും, ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം തിരികെ പോകുന്ന പതിവുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.
അതേസമയം, കുടുംബം ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമേ സംഭവത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാകുകയുള്ളുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
