ആലപ്പുഴ: കനത്ത മഴയും കടലാക്രമണവും തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായപ്പോൾ പുറക്കാട് കടലാക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. മട വീണതിനെ തുടർന്ന് കുട്ടനാട്ടിലെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ അനീഷ് രാജേന്ദ്രന്റെ വീടാണ് കടലാക്രമണത്തിൽ ഭാഗികമായി തകർന്നത്. അപകടഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്തെ ഏഴോളം വീടുകളിലും കടലേറ്റം ഉണ്ടായതായി അധികൃതർ അറിയിച്ചു. കടൽക്ഷോഭം ശക്തമായതോടെ തീരദേശ മേഖലയിൽ ആശങ്ക തുടരുകയാണ്.
മങ്കൊമ്പിൽ മട വീണതിനെ തുടർന്ന് വെള്ളം കയറി നെല്ല് ഗവേഷണ കേന്ദ്രത്തിലെ പത്ത് ഏക്കറോളം കൃഷി നശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കൃഷിയിടങ്ങളിലേക്കും വെള്ളം കയറുമോയെന്ന ആശങ്കയിലാണ് കർഷകർ.
അതേസമയം, കുട്ടനാട്ടിലെ വെള്ളക്കെട്ട് കുറയ്ക്കുന്നതിനായി തോട്ടപ്പള്ളി പൊഴിമുഖം കൂടുതൽ മുറിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ഏകദേശം 70 മീറ്റർ വരെ പൊഴിമുഖം മുറിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ കുട്ടനാട്ടിൽ നിന്നുള്ള വെള്ളം കടലിലേക്ക് സുഗമമായി ഒഴുകിത്തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
കോട്ടയം ജില്ലയിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ രാത്രിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിൽ നിലവിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,321 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.
ഇതിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ചെല്ലാനം മുതൽ അഴീക്കൽ വരെയുള്ള തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ് ബാധകമാകുന്നത്. നാളെ രാത്രി വരെ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബീച്ചുകളിലേക്കുള്ള യാത്രകളും കടൽവിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും, കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
