തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് കൈമാറാനും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഏഴ് ദിവസത്തിനകം നൽകാനും കമ്മീഷൻ പി.എസ്.സിക്ക് നിർദേശം നൽകി.
നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുടെ വിലക്കുണ്ടെങ്കിലും വിവരങ്ങൾ മറച്ചുവെക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. നിയമപരമായ അടിസ്ഥാനമില്ലാതെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും, മറ്റ് തസ്തികകളുടെ പേരുപറഞ്ഞ് മാർക്ക് വിവരങ്ങൾ നൽകാതിരുന്നതിന് വ്യക്തമായ വിശദീകരണം നൽകാൻ പി.എസ്.സിക്ക് കഴിഞ്ഞില്ലെന്നും കമ്മീഷൻ വിമർശിച്ചു.
ഇതിനിടെ, പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ചുമതല ആഭ്യന്തര വിജിലൻസ് എസ്.പിക്ക് തന്നെ നൽകാൻ പി.എസ്.സി കമ്മീഷൻ യോഗം തീരുമാനിച്ചു. പരീക്ഷാ കൺട്രോളർക്ക് അന്വേഷണം ഏൽപ്പിച്ച മുൻ ഉത്തരവ് ഉടൻ റദ്ദാക്കും. കമ്മീഷൻ അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ചെയർമാൻ നിലപാട് മാറ്റിയത്.
പരീക്ഷാ ക്രമക്കേടിനെ ചൊല്ലി നടന്ന പി.എസ്.സി യോഗത്തിൽ കടുത്ത വാദപ്രതിവാദങ്ങളാണ് ഉണ്ടായത്. മുൻകൂട്ടി തീരുമാനിച്ച അന്വേഷണ നടപടിയെ ചെയർമാൻ അട്ടിമറിച്ചെന്നും കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്നും അംഗങ്ങൾ ആരോപിച്ചു. ചെയർമാന്റെ നടപടി പി.എസ്.സിയെ സംശയത്തിന്റെ നിഴലിലാക്കിയെന്നും, പരീക്ഷാ കൺട്രോളർക്ക് അന്വേഷണം ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി. ഇതോടെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസിന് കൈമാറാൻ തീരുമാനമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
