മാനന്തവാടി: സ്കൂൾ മൈതാനത്തേക്ക് നിയന്ത്രണം വിട്ട കുതിര പാഞ്ഞടുത്ത് വിദ്യാർഥികൾക്ക് നേരെ അപകടഭീതി ഉയർത്തിയ സംഭവത്തിൽ ഉടമയ്ക്കെതിരെ പോലീസിൽ പരാതി നൽകി. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
കുട്ടികൾ കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെ മുന്നറിയിപ്പോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെയാണ് ഒരാൾ കുതിരയുമായി സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്.
മൈതാനത്തുവെച്ച് കുതിരയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഭയന്ന കുതിര പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ഓടിയടുക്കുകയായിരുന്നു. കുട്ടികൾ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
ചുറ്റുമതിലില്ലാത്തതിനാൽ ഇത്തരം അനധികൃത പ്രവേശനങ്ങൾ പതിവാണെന്നും, മതിലും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പി.ടി.എ പ്രസിഡന്റ് എൻ.ജെ. ഷജിത്ത് അറിയിച്ചു.
അനധികൃതമായി സ്കൂൾ പരിസരത്ത് കടന്നുകൂടി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സ്കൂൾ അധികൃതർ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
