ആഗോള റൈഡ് ഷെയറിങ് കമ്പനിയായ ഊബർ ചെലവ് കുറയ്ക്കുന്നതിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തുന്നു. കമ്പനിയുടെ ആഗോള ജീവനക്കാരിൽ 10 ശതമാനത്തോളം പേരെ, അതായത് ഏകദേശം 3,300 പേരെ പിരിച്ചുവിടാനാണ് തീരുമാനം.
ഇതിനൊപ്പം വർക്ക് ഫ്രം ഹോം സൗകര്യത്തിലും കമ്പനി നിർണായക മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കമ്പനിയിലെ ഒരു ശതമാനത്തിൽ താഴെ ജീവനക്കാർക്ക് മാത്രമായിരിക്കും പൂർണമായും റിമോട്ട് ആയി ജോലി ചെയ്യാൻ അനുമതിയുണ്ടാകുക. ഭൂരിഭാഗം ജീവനക്കാരും ഓഫീസിലെത്തി ജോലി ചെയ്യേണ്ടിവരും.
നിലവിലെ ഹൈബ്രിഡ് വർക്ക് സംവിധാനത്തിൽ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്ന നിബന്ധനയുണ്ട്. ഈ വ്യവസ്ഥ കർശനമായി നടപ്പാക്കാനും നിരീക്ഷിക്കാനുമാണ് മാനേജ്മെന്റിന്റെ തീരുമാനം.
മാനേജ്മെന്റ് തലങ്ങളിലെ ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായാണ് 3,300ഓളം ജീവനക്കാരെ ഒഴിവാക്കുന്നത്. മാനേജർമാർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും.
ഇന്ത്യയിലും പിരിച്ചുവിടലിന്റെ പ്രത്യാഘാതമുണ്ടാകും. ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലെ ഏകദേശം 200 മുതൽ 250 വരെ ജീവനക്കാരെ തീരുമാനം ബാധിച്ചതായാണ് റിപ്പോർട്ട്.
ജീവനക്കാർ ഒരുമിച്ച് ഓഫീസിൽ പ്രവർത്തിക്കുന്നത് കൂടുതൽ കാര്യക്ഷമതയും മികച്ച ഫലങ്ങളും നൽകുമെന്നാണ് ഊബറിന്റെ വിലയിരുത്തൽ. അതേസമയം, റോബോ ടാക്സികൾ, സ്വയം നിയന്ത്രിത വാഹനങ്ങൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും ചെലവ് ചുരുക്കൽ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
