കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. സത്യവാങ്മൂലത്തിൽ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും രേഖകൾ ആർക്കും പരിശോധിക്കാമെന്നും റിയാസ് വ്യക്തമാക്കി. കള്ളപരാതികളെയും വ്യാജവാർത്തകളെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് സമർപ്പിച്ച സ്വകാര്യ പരാതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി 2026 മേയ് 16ന് തള്ളിയിരുന്നു. തുടർന്ന് പരാതിക്കാരൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയതായാണ് മനസ്സിലാകുന്നതെന്ന് റിയാസ് പറഞ്ഞു.
ഒരു വ്യക്തി കോടതിയെ സമീപിച്ചാൽ എതിർകക്ഷിക്ക് നോട്ടീസ് നൽകുന്നത് സാധാരണ നിയമനടപടിയുടെ ഭാഗമാണ്. ഇത്തരത്തിൽ തിരുവനന്തപുരം സെഷൻസ് കോടതി നോട്ടീസ് അയയ്ക്കാൻ നിർദേശിച്ചതായാണ് മാധ്യമവാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ ഇതുവരെ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ അഭിഭാഷകൻ മുഖേന ഹാജരാകുക എന്നത് സ്വാഭാവികമായ നിയമനടപടിയാണെന്നും റിയാസ് വ്യക്തമാക്കി.
കോടതിയുടെ സ്വാഭാവിക നടപടിയെ വസ്തുതകൾ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് പിന്നിലെ താൽപര്യം വ്യക്തമായിരിക്കുകയാണെന്നും റിയാസ് ആരോപിച്ചു.
നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് റിയാസിനും ടി. വീണക്കും കോടതി നോട്ടീസ് അയച്ചത്. ഒക്ടോബർ 15ന് ഹാജരാകണമെന്നാണ് നിർദേശം. റിയാസിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി.
ബേപ്പൂരിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സമയത്ത് ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് റിയാസ് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഭാര്യ വീണയുടെ വരുമാനത്തിൽ സിഎംആർഎല്ലിൽനിന്ന് ലഭിച്ച 1.72 കോടി രൂപയുടെ വിവരങ്ങൾ പൂർണമായി വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
