തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നൽകിയ ഉറപ്പുകളിൽ നടപടിയില്ലെന്ന് ആരോപിച്ച് എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാർ വീണ്ടും രംഗത്ത്. അതേസമയം ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ ആവശ്യപ്പെട്ട സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.
ഓഗസ്റ്റ് 11നാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയിരുന്ന സമരം റാങ്ക് ഹോൾഡർമാർ താൽക്കാലികമായി അവസാനിപ്പിച്ചത്. പ്രതിഷേധം കൂടുതൽ ശക്തമാകാതിരിക്കാനായി പ്രശ്നങ്ങൾ പരിഹരിക്കാൻ 45 ദിവസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 24നാണ് ഈ കാലാവധി അവസാനിക്കുന്നത്.
വിദ്യാർഥി–അധ്യാപക അനുപാതത്തിൽ മാറ്റം വരുത്തുക, ഹെഡ്മാസ്റ്റർ–അധ്യാപക തസ്തികകളിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പഠനം ആരംഭിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം.
അതേസമയം, സർക്കാർ അനുവദിച്ച സമയപരിധി അവസാനിക്കാൻ 16 ദിവസം ശേഷിക്കെ, നിശ്ചയിച്ച തീയതിക്കുള്ളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
എയ്ഡഡ് സ്കൂളുകളിലെ നിയമനം 1:1 അനുപാതത്തിൽ പിഎസ്‌സിക്ക് വിടുക, എൽപിഎസ്‌ടി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും റാങ്ക് ഹോൾഡർമാർ മുന്നോട്ടുവച്ചിട്ടുണ്ട്.
വകുപ്പിന് കീഴിലുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ശുപാർശ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. ഇതോടെ മറ്റ് ആവശ്യങ്ങളിലും അനിശ്ചിതത്വം തുടരുകയാണെന്നും റാങ്ക് ഹോൾഡർമാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
