കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കാക്കനാട് സൺറൈസ് ഹോസ്പിറ്റൽ. മുൻപ് സി-സെക്ഷൻ ചെയ്ത ഭാഗത്തെ തഴമ്പിൽ ഗർഭസ്ഥ ശിശു വളരുന്ന സ്കാർ പ്രഗന്നൻസിയെന്ന അവസ്ഥയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ഗർഭസ്ഥ ശിശുവിനെ സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് നടത്തിയ സങ്കീർണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയാണ് വൻ വിജയമായത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഗർഭച്ഛിദ്രം ലക്ഷ്യമിട്ട് ദുബായിൽ നിന്ന് നാട്ടിലെത്തുകയും ചെയ്ത മുപ്പതുകാരിയായ മലയാളി യുവതിയിലാണ് സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ചീഫ് സർജൻ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ദമ്പതികളുടെ ആദ്യ ഗർഭം 2022ൽ അലസി പോയിരുന്നു. അതേ വർഷം വീണ്ടും ഗർഭിണിയായി എങ്കിലും 2023ൽ പ്രസവ ശേഷം തുടർന്ന് കുഞ്ഞ് മരണപ്പെട്ടു. വീണ്ടും 2024ൽ ഗർഭം ധരിച്ചുവെങ്കിലും അത് സ്കാർ പ്രഗ്നൻസിയായിരുന്നു. അതും അബോർട് ചെയ്യേണ്ടി വന്നു. പിന്നീട് 2025ൽ ഗർഭം ധരിച്ചത് ദുബായിൽ വച്ചായിരുന്നതിനാലും ഹാർട് ബീറ്റ് ഉണ്ടായിരുന്നതിനാൽ ദുബായിൽ ആ ഗർഭം അലസിപ്പിക്കാൻ നിയമ തടസ്സങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരം സൺറൈസിലേക്കെത്തിയത്. ഒരുപക്ഷെ ഗർഭപാത്രം തന്നെ നീക്കം ചെയ്യേണ്ടി വന്നേക്കാമെന്നും അവർ പറഞ്ഞിരുന്നു.
അത്യപൂർവവും ജീവന് തന്നെ ഭീഷണിയായതുമായ ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ഗർഭച്ഛിദ്രം മാത്രമാണ് പോംവഴിയായി നിർദേശിക്കാറുളളത്. എന്നാൽ രോഗിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ മനസ്സിലാക്കിയ ഡോ. ഹഫീസ് റഹ്മാൻ ഇത്തരം ഗർഭാവസ്ഥയിലെ പുതിയ ചികിത്സാ സാധ്യതകൾ പരിഗണിക്കുകയായിരുന്നു. റിസ്ക് വളരെ വലുതായിരുന്നുവെങ്കിലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലെത്തിയ ദമ്പതികളുടെ മുഖം ആദ്യ കാഴ്ചയിൽ തന്നെ വല്ലാതെ വേട്ടയാടി. സ്കാനിംഗ് റിപ്പോർട് വന്നപ്പോഴാണ് അതിലെ ലൂപ്ഹോൾസ് കണ്ടെത്തിയതും എന്തുകൊണ്ട് ചികിത്സയിലെ പുതിയ സാധ്യതകൾ തേടിക്കൂടായെന്നും ചിന്തിച്ചത്, ഡോ. ഹഫീസ് റഹ്മാൻ പറഞ്ഞു. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ സമാന അവസ്ഥയിലൂടെ കടന്ന് പോകുന്ന നിരവധിയാളുകളുടെ ജീവിതം മാറ്റിമറിക്കാനാകുമെന്നുളളതും പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാനും ഗൈനക്കോളജി വിഭാഗം ചീഫ് സർജനുമായ ഡോ. ഹഫീസ് റഹ്മാൻ, മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഷെമിനി സലീം, സോണിയ ഹഫീസ്, എബി കോശി,ഡോ.സുമി പീറ്റർ മരിയ, അനസ്തീഷ്യോളജിസ്റ്റ് ഡോ.ഷാജി പി.ജി, ദമ്പതികളായ രേഷ്മ, ശ്രീരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഡോ.ഹഫീസ് റഹ്മാൻ, പർവീൻ ഹഫീസ്, രേഷ്മ (അമ്മ), ഭർത്താവ് ശ്രീരാജ്, ഡോ.ഷെമിനി സലീം, ഡോ.സോണിയ ഫർഹാൻ, ഡോ.എബി കോശി, ഡോ.ഷാജി പി.ജി, ഡോ. സുമി പീറ്റർ മരിയ (ഇടത് നിന്ന് വലത്തേക്ക്)
തുടർന്ന് പ്രസവ സമയത്ത് ഉണ്ടായേക്കാവുന്ന കടുത്ത രക്തസ്രാവം തടയാൻ പ്രത്യേക രക്ത കുഴലുകൾ ബന്ധിക്കുകയും (Bilateral Internal Iliac Artery Ligation), മൂത്രസഞ്ചിക്കുണ്ടായ തകരാറുകൾ പരിഹരിക്കുകയും ചെയ്ത് എമർജൻസി സിസേറിയൻ വിജയകരമായി പൂർത്തിയാക്കി. ഗർഭപാത്രം പൂർണമായും സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് (Fertiltiy-Preserving) നടത്തിയ ഈ അത്യപൂർവ ശസ്ത്രക്രിയ സൺറൈസ് ഹോസ്പിറ്റലിന്റെ ചരിത്രത്തിലെയും കേരളത്തിലെ ആരോഗ്യരംഗത്തെയും ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോ.ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷെമിനി സലീം, ഡോ.സോണിയ ഫർഹാൻ, സീനിയർ കൺസൾട്ടന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ.ഷാജി പി.ജി എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്കിയത്.
''പ്രതീക്ഷ നഷ്ടപ്പെട്ട് , ഇനി തങ്ങൾക്കൊരു കുഞ്ഞെന്ന ആഗ്രഹം സഫലമാകില്ലെന്ന സങ്കടത്തോടെയാണ് സൺറൈസിലെത്തിയത്. ആദ്യമായാണ് ഞങ്ങളോട് ഒരു ഡോക്ടർ പോസിറ്റീവായി പ്രതികരിച്ചത് പോലും. ആദ്യ ദിവസം മുതൽ നാളിതുവരെ ഹഫീസ് ഡോക്ടറും മറ്റ് ഓരോ ജീവനക്കാരും നല്കിയ പിന്തുണ ചെറുതല്ല'', ദമ്പതിമാർ പറഞ്ഞു
മികച്ച പരിചരണത്തിനും അപകട സാധ്യതകൾ ഒഴിവാക്കുന്നതിനുമായി യുവതി ആറാം മാസം മുതൽ ആശുപത്രിയിലാണ് ചെലവഴിച്ചത്. യുവതിക്കായി ആശുപത്രി അധികൃതർ വളകാപ്പ് ചടങ്ങും ഒരുക്കിയിരുന്നു. പ്രസവ ശേഷം പെൺകുഞ്ഞുമായി ജൂൺ രണ്ടാം ആഴ്ചയിലാണ് ആശുപത്രി വിട്ടത്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുബായിൽ നിന്നെത്തിയ ദമ്പതികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
