ന്യൂഡൽഹി: കേരളം നേരിടുന്ന ഗുരുതരമായ തെരുവുനായ പ്രശ്നത്തിന് പരിഹാരമായി സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി.
അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ കൃത്യമായി തിരിച്ചറിയുന്നതിനായി നിർമ്മിത ബുദ്ധിയുടെ (AI) സാങ്കേതിക സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യജീവന് നിരന്തരം ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ, അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിട്ടുണ്ട്. ഈ ഉത്തരവിന്റെ പരിധിയിൽ നിന്നുകൊണ്ട് മാത്രമായിരിക്കും തുടർനടപടികൾ.
സംസ്ഥാനത്തെ മാലിന്യസംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രത്യേക 'മാലിന്യ സംസ്കരണ അതോറിറ്റി' രൂപീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. തെരുവുനായ്ക്കൾ പെരുകുന്നതിനുള്ള പ്രധാന കാരണം കൃത്യമല്ലാത്ത മാലിന്യ നിക്ഷേപമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഇതിനുപുറമെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിനായി നിരവധി പുതിയ പരിഷ്കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു. ദുർബല വിഭാഗങ്ങൾക്കായി മാറ്റിവെക്കുന്ന ഫണ്ടുകളുടെ വിനിയോഗം കൃത്യമായി നിരീക്ഷിക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.
മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും സർക്കാരിനെ മാത്രം ആശ്രയിക്കാതെ സ്വയം ഫണ്ട് കണ്ടെത്താനാവുന്ന രീതിയിൽ 'മുനിസിപ്പൽ ബോണ്ട്' സംവിധാനം നടപ്പാക്കുന്നത് പരിശോധിച്ചുവരികയാണ്- മന്ത്രി കെ.എം. ഷാജി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
