തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ഇയർ ബാക്ക് സിസ്റ്റം താൽക്കാലികമായി ഒഴിവാക്കി. നിലവിലെ ടി5 (2024 അഡ്മിഷൻ) വിദ്യാർഥികൾക്കാണ് ഇയർ ബാക്ക് ഒഴിവാക്കിയത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഇയർ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ നേരത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്താൻ പുതിയ സിൻഡിക്കേറ്റിന് മന്ത്രി നിർദേശം നൽകുകയായിരുന്നു.
2024ൽ ബോർഡ് ഓഫ് ഗവേണൻസ് എടുത്ത തീരുമാനമാണ് പുതിയ സിൻഡിക്കേറ്റ് യോഗത്തിൽ റദ്ദാക്കിയത്. ഇതോടെയാണ് 2024 അഡ്മിഷൻ വിദ്യാർഥികൾക്ക് നിലവിലെ ഇയർ ബാക്ക് നിബന്ധനയിൽ ഇളവ് ലഭിച്ചത്.
എസ്5 ഇയർ ഔട്ട് രീതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ നേരത്തെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളിലായി 18 ക്രെഡിറ്റ് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് എസ്5-ലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.
പുതിയ തീരുമാനം വിദ്യാർഥികൾക്ക് ആശ്വാസകരമാണെങ്കിലും ഇയർ ബാക്ക് സംവിധാനം പൂർണമായി ഒഴിവാക്കിയിട്ടില്ല. സംവിധാനം പൂർണമായി പിൻവലിക്കണമെന്നാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം.
നിരന്തര സമരങ്ങളുടെ ഫലമായാണ് പുതിയ തീരുമാനമെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. ഇയർ ബാക്ക് സിസ്റ്റം പൂർണമായി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
