തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ വിപുലമായ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ ഉണ്ടാകും. കായിക വകുപ്പ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ധനകാര്യ വകുപ്പ് നടത്തുന്ന പ്രത്യേക സാമ്പത്തിക പരിശോധന പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട് 120 കോടിയേറെ രൂപ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) നല്‍കിയെന്നാണ് സ്‌പോണ്‍സര്‍ അവകാശപ്പെടുന്നത്. ഈ തുക പൂര്‍ണ്ണമായും നഷ്ടപ്പെട്ടോ അതോ ഏതെങ്കിലും തരത്തില്‍ തിരിച്ചുകിട്ടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ധനവകുപ്പിന്റെ ശ്രമം. കരാര്‍ പ്രകാരം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന് ആദ്യം 75 കോടി രൂപയോളം സ്‌പോണ്‍സര്‍ നല്‍കിയിരുന്നതായി വ്യക്തമാക്കപ്പെടുന്നു. എന്നാല്‍ ആദ്യ കരാര്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കപരിഹാര ചര്‍ച്ചകള്‍ നടക്കുകയും അനുബന്ധ കരാര്‍ രൂപീകരിക്കുകയും ചെയ്തു. ഈ അനുബന്ധ കരാര്‍ പ്രകാരം 46 കോടി രൂപ കൂടി സ്‌പോണ്‍സര്‍ അടയ്ക്കണമെന്നും അതിന് കൃത്യമായ ദിവസപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.
നിശ്ചിത സമയത്തിനകം പണം ലഭിച്ചില്ലെന്ന് വ്യക്തമാക്കി എഎഫ്എയില്‍ നിന്ന് മുന്‍ കായികമന്ത്രിക്കും സ്‌പോണ്‍സര്‍ക്കും ഇ-മെയില്‍ സന്ദേശം എത്തി. പണം കൈമാറിയതിന്റെ ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ സഹിതം സ്‌പോണ്‍സര്‍ മറുപടി നല്‍കിയെങ്കിലും തുക ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് എഎഫ്എ അനുബന്ധ കരാര്‍ റദ്ദാക്കുകയായിരുന്നു. തുടന്ന് അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നീരസം പ്രകടിപ്പിച്ച് എഎഫ്എയ്ക്ക് സന്ദേശമയച്ചതിനെ തുടര്‍ന്നാണ് മറ്റൊരു അനുബന്ധ കരാറിലേക്ക് കാര്യങ്ങളെത്തിയത്.
പുതിയ കരാര്‍ പ്രകാരം സ്‌പോണ്‍സര്‍ നല്‍കിയ 46 കോടി രൂപ കരാര്‍ നിലവില്‍ വന്ന് ഏഴ് ദിവസത്തിനകം സ്‌പോണ്‍സര്‍ക്ക് തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. അര്‍ജന്റീന ടീം കേരളത്തിലെത്തുന്ന തീയതിയും മത്സരവും ഔദ്യോഗികമായി നിശ്ചയിച്ച ശേഷം ഈ തുക നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. ഇതുപ്രകാരം സ്‌പോണ്‍സറുടെ എറണാകുളത്തെ ബാങ്ക് അക്കൗണ്ടിലേക്ക് 46 കോടി രൂപ തിരിച്ചെത്തേണ്ടതുണ്ട്. എന്നാല്‍ ഈ 46 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ തിരികെയെത്തിയിട്ടുണ്ടോ എന്നതില്‍ സ്‌പോണ്‍സര്‍ ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. നിലവില്‍ 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സ്‌പോണ്‍സര്‍ വാദിക്കുന്നത്.
കരാര്‍ പ്രകാരം ലഭിക്കേണ്ട തുക തിരികെ ലഭിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാതത്തില്‍ വലിയ മാറ്റമുണ്ടാകും. പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അന്വേഷണം സംസ്ഥാന ഏജന്‍സികള്‍ക്ക് കൈമാറുന്നതിലടക്കം സര്‍ക്കാര്‍ അന്തിമ നിലപാട് വ്യക്തമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
