മെസ്സി സന്ദര്‍ശനം: റിപ്പോര്‍ട്ടര്‍ ചാനലിനെ സ്‌പോണ്‍സറാക്കിയതില്‍ വന്‍ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്; സാമ്പത്തിക ഇടപാടില്‍ അന്വേഷണത്തിന് ശുപാര്‍ശ

AUGUST 11, 2026, 11:52 PM

തിരുവനന്തപുരം: ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ മറവില്‍ ഗുരുതരമായ ചട്ടലംഘനങ്ങളും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട്. കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്വകാര്യ മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോണ്‍സറായി തിരഞ്ഞെടുത്തതില്‍ അസാധാരണമായ വീഴ്ചകളും വഴിവിട്ട നീക്കങ്ങളും നടന്നതായി വ്യക്തമാക്കുന്നത്.

നിലവില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിഗണനയിലുള്ള റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നുണ്ട്. വലിയ സാമ്പത്തിക ബാധ്യതയുള്ള ഇത്തരം അന്താരാഷ്ട്ര പദ്ധതികള്‍ക്കായി സ്‌പോണ്‍സര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ച് പത്രപ്പരസ്യം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ടെന്‍ഡര്‍ നടപടികളും പാലിക്കാതെയാണ് കരാര്‍ കൈമാറിയത്. കമ്പനിയുടെ സാമ്പത്തിക പശ്ചാത്തല പരിശോധന പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പൊതു മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ചില കേന്ദ്രങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ മാത്രമാണ് ഇതിലൂടെ സംരക്ഷിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

വിദേശത്തേക്ക് ഡോളര്‍ കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ആസൂത്രിതമായ നീക്കമാണോ ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സ്‌പെഷ്യല്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പണം കൈമാറാന്‍ വിദേശത്തുള്ള ഒരു കളക്ഷന്‍ ഏജന്റിനെയാണ് നിയോഗിച്ചിരുന്നത്. അന്താരാഷ്ട്രതലത്തില്‍ സംശയനിഴലിലുള്ള ഇത്തരം ഏജന്റുമാരെക്കുറിച്ച് യാതൊരു പരിശോധനയും സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ല. വിദേശനാണ്യ വിനിമയച്ചട്ട ലംഘനവും സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെയും വിജിലന്‍സിന്റെയും അന്വേഷണം വേണമെന്നാണ് പ്രധാന ശുപാര്‍ശ.

സര്‍ക്കാര്‍ ഉത്തരവുകളില്‍ സ്വകാര്യ കമ്പനി നേരിട്ട് ഇടപെട്ട് ഭേദഗതി വരുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നു. ആദ്യം മത്സരം നടത്താനായി നല്‍കിയ സാധാരണ അനുമതിപത്രം, പിന്നീട് അട്ടിമറിച്ച് സ്‌പോണ്‍സറാകാനുള്ള അനുമതിപത്രമാക്കി തിരുത്തുകയായിരുന്നു. ഇതിനുപുറമേ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ണായക ഉറപ്പുകള്‍ നല്‍കിയിരുന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി തേടുന്നതിന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കൈമാറിയതായും അന്വേഷണ സംഘം രേഖകള്‍ സഹിതം വ്യക്തമാക്കുന്നു.

പദ്ധതിയുടെ തുടക്കം മുതല്‍ ധനകാര്യ വകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ കമ്പനിയെക്കുറിച്ച് ആവശ്യമായ പ്രാഥമിക പരിശോധനകള്‍ നടത്തുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടു. നിയമപരമായ നിര്‍ബന്ധിത കരാറുകളൊന്നുമില്ലാതെ ഒരു സ്വകാര്യ സ്ഥാപനത്തിന് വന്‍കിട ആനുകൂല്യങ്ങളും അനുമതികളും വെച്ചുനീട്ടിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് വഴിതുറന്നിരിക്കുകയാണ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam