കൊച്ചി: കാല്‍നൂറ്റാണ്ടായി ബി.എസ്.എന്‍.എല്ലില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ് (ഐ.ടി.എസ്.) ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുന്നതിനും ടെലികോം സ്ട്രീമില്‍ കരാര്‍ അടിസ്ഥാനത്തില്‍ 100 പുതിയ ജനറല്‍ മാനേജര്‍മാരെ നിയമിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്നത് കുറച്ച് ബി.എസ്.എന്‍.എല്ലിന്റെ മാനേജ്മെന്റ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനാണ് ഈ മാറ്റം വരുത്തുന്നത്.
5-ജി സേവനങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഭാവിയിലെ നേതൃത്വ പ്രതിസന്ധി ഒഴിവാക്കാന്‍ സ്ഥാപനത്തിനകത്ത് നിന്നുതന്നെ പുതുതലമുറ ജനറല്‍ മാനേജര്‍മാരെ വളര്‍ത്തിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 4ജി, 5ജി സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെലികോം, ഐ.ടി മേഖലകളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വിദഗ്ധരെയാണ് ബി.എസ്.എന്‍.എല്‍ ഇവിടേക്ക് ക്ഷണിക്കുന്നത്. ഈ പ്രവൃത്തി പരിചയത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം സീനിയര്‍ എക്‌സിക്യുട്ടീവ് അല്ലെങ്കില്‍ ഡി.ജി.എം തസ്തികയില്‍ ജോലി ചെയ്ത പരിചയം നിര്‍ബന്ധമാണ്. ബി.ഇ അല്ലെങ്കില്‍ ബി-ടെക് ബിരുദമുള്ള, പരമാവധി 50 വയസ്സ് പ്രായപരിധിയുള്ള സീനിയര്‍ പ്രൊഫഷണലുകളുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ നിലവില്‍ ബി.എസ്.എന്‍.എല്‍ സമിതി പരിശോധിച്ചു വരികയാണ്.
ബി.എസ്.എന്‍.എല്ലില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് പുറമേ യോഗ്യരായ ബാഹ്യ ഉദ്യോഗാര്‍ഥികള്‍ക്കും ഈ അവസരം ലഭ്യമാണ്. കരാര്‍ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ നടത്തുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം രണ്ടേകാല്‍ ലക്ഷം രൂപ ശമ്പളവും അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനവും ലഭിക്കും. നിലവില്‍ ഐ.ടി.എസ് ഉദ്യോഗസ്ഥര്‍ക്കായി കമ്പനി ചെലവഴിക്കുന്ന ഭീമമായ തുകയെ അപേക്ഷിച്ച് ഇത് ബി.എസ്.എന്‍.എല്ലിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. എന്നാല്‍ നിലവിലുള്ള യോഗ്യരായ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുന്നതിന് പകരം പുറത്തുനിന്നുള്ളവരെ ഉയര്‍ന്ന തസ്തികകളിലേക്ക് നേരിട്ട് നിയമിക്കുന്ന നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
