തിരുവനന്തപുരം: കൂടുതൽ പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടന്നതായി ആരോപണം. ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ അഭിമുഖ മാർക്ക് വിതരണത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്.
എഴുത്തുപരീക്ഷയിൽ വെറും 27 ശതമാനം മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിൽ 20 മാർക്ക് നൽകിയെന്നാണ് കണ്ടെത്തൽ. നിലവിലെ ചട്ടപ്രകാരം അഭിമുഖത്തിൽ നൽകുന്ന മാർക്ക് എഴുത്തുപരീക്ഷ മാർക്കിന്റെ 12.02 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്നിരിക്കെയാണ് ഈ നടപടി വിവാദമായിരിക്കുന്നത്.
റാങ്ക് പട്ടികയിൽ അട്ടിമറിയുണ്ടായെന്ന സംശയം ഉയർത്തി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. എഴുത്തുപരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയവരെ പിന്നിലാക്കി അഭിമുഖ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്കിൽ മാറ്റം വരുത്തിയെന്നാണ് പരാതി. എഴുത്തുപരീക്ഷയിൽ 92 മാർക്ക് നേടിയ ഒരു ഉദ്യോഗാർത്ഥി ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
ഇതിനുമുമ്പും പി.എസ്.സി നിയമനങ്ങളിലും പരീക്ഷകളിലും ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിരുന്നു. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ വിട്ടതായി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗാർത്ഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് പിഴവ് പി.എസ്.സി സമ്മതിച്ചത്.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.), സർവകലാശാല പി.ആർ.ഒ തസ്തികകളിലെ നിയമന നടപടികളുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നിട്ടുണ്ട്.
പി.എസ്.സി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. എസ്.പി. സിനി ഡെന്നീസ് നേതൃത്വം നൽകുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
