തിരുവനന്തപുരം: ബിജെപി നേതാവ് പി.സി. ജോര്‍ജ് ഉന്നയിച്ച തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കൂരിക്കാട്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ പാര്‍ട്ടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷം കൃത്യമായ കണക്കുകള്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. നാലരക്കോടി രൂപ തട്ടിയെന്ന ജോര്‍ജിന്റെ ആരോപണം എന്തിനാണെന്ന് മനസിലാകുന്നില്ല. അക്കാലത്ത് ഉയര്‍ന്ന സംശയങ്ങളെല്ലാം തീര്‍ത്തു കൊടുത്തിരുന്നതാണെന്നും സജി കൂരിക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, പൂഞ്ഞാറില്‍ കൃത്യമായി എത്ര രൂപയാണ് ചെലവഴിച്ചതെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നതായും അതിന് നേതൃത്വം നല്‍കിയത് സജി കൂരിക്കാട് ആണെന്നുമാണ് പി.സി. ജോര്‍ജ് ആരോപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം നാല്‍പത് ലക്ഷം രൂപയേ ചെലവഴിക്കാവൂ എന്നിരിക്കെ, എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി രൂപ വരെ ചെലവാക്കിയെന്നായിരുന്നു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പൂഞ്ഞാറില്‍ 4 കോടി 45 ലക്ഷം രൂപ ചെലവായെന്ന ലിസ്റ്റ് തനിക്ക് ലഭിച്ചെന്നും, എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരും പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ബിജെപി യോഗത്തില്‍ പറഞ്ഞിരുന്നു.
ഈ വെളിപ്പെടുത്തല്‍ വിവാദമായതോടെ പി.സി. ജോര്‍ജ് നിലപാട് മാറ്റിയിരുന്നു. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും അന്വേഷിച്ചപ്പോള്‍ അത് ശുദ്ധ അസംബന്ധമാണെന്ന് മനസിലായെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. എരുമേലിയിലെ ചില പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ആരോപണം ഉന്നയിച്ചതെന്നും, പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. സജി കൂരിക്കാടിന്റെ പ്രതികരണത്തോടെ ഫണ്ട് വിവാദം ബിജെപിക്കുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
