മലപ്പുറം: മൂന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ അതിജീവിതയുടെ കുടുംബത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ തിരൂർ സ്വദേശി അബ്ദുൾ അസീമിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയതായും പരാതിയുണ്ട്.
പരാതി നൽകിയതിന് പിന്നാലെയാണ് യുവതിയുടെ കുടുംബത്തിന് പ്രതിയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായതെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു. പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞുകാൽ പിടിച്ചാലും വെറുതെ വിടില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. എന്തിനും മടിയില്ലെന്നും തനിക്ക് ഇത് വലിയ സംഭവമല്ലെന്നും പറഞ്ഞതായും കുടുംബ സുഹൃത്ത് വ്യക്തമാക്കി.
ലൈംഗിക പീഡനം വലിയൊരു ശൃംഖലയുടെ ഭാഗമാണെന്നും, കാപ്പ കേസ് പ്രതിയായ തനിക്ക് ഇത്തരം കാര്യങ്ങൾ വലിയ വിഷയമല്ലെന്നും പ്രതി പറഞ്ഞതായി പരാതിക്കാർ ആരോപിച്ചു. ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് അതിജീവിതയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തണമെന്നും, യുവതിയിൽ നിന്ന് കൈക്കലാക്കിയ സ്വർണാഭരണങ്ങൾ വീണ്ടെടുക്കണമെന്നും കുടുംബ സുഹൃത്തും ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
