കാവേരി വന്യജീവി സങ്കേതത്തിലെ വെടിവെപ്പ്; മൂന്ന് തമിഴ് യുവാക്കളുടെ മരണം: കര്‍ണാടക സര്‍ക്കാരിനെതിരെ വിജയ്

AUGUST 16, 2026, 10:30 PM

ചെന്നൈ: കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ മൂന്ന് തമിഴ് യുവാക്കള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രി  ജോസഫ് വിജയ്. കര്‍ണാടക സര്‍ക്കാരും വനംവകുപ്പും നല്‍കുന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ വിജയ്, സംഭവത്തില്‍ സുതാര്യമായ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലാണ് വെടിവെപ്പ് നടന്നത്. ആന്റണി സാമി, ജോണ്‍ റോസ് പീറ്റര്‍, കുമാര്‍ എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മഹിമ ദാസ് പരിക്കേറ്റ് ചികിത്സയിലാണ്.

വേട്ടയാടല്‍ തടയുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് കര്‍ണാടക വനംവകുപ്പിന്റെ വിശദീകരണം. കൊല്ലപ്പെട്ടവരുടെ കൈവശം തോക്കും മാന്‍ ഇറച്ചിയും ഉണ്ടായിരുന്നുവെന്നും വനംവകുപ്പും സംസ്ഥാന ആഭ്യന്തരമന്ത്രിയും അവകാശപ്പെട്ടു. എന്നാല്‍, ഈ വാദം കുടുംബാംഗങ്ങളും സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട മഹിമ ദാസും തള്ളി. കാണാതായ കന്നുകാലികളെ അന്വേഷിച്ചാണ് ഇവര്‍ വനത്തിനുള്ളില്‍ പ്രവേശിച്ചതെന്നാണ് കുടുംബങ്ങളുടെ വിശദീകരണം.

vachakam
vachakam
vachakam

സംഭവത്തെ 'കൂട്ടക്കൊല' എന്നാണ് വിജയ് വിശേഷിപ്പിച്ചത്. വെടിവെപ്പിന്റെ യഥാര്‍ഥ സാഹചര്യം പുറത്തുകൊണ്ടുവരാന്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിജയ് എക്‌സില്‍ കുറിച്ചു.

സംഭവത്തില്‍ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം രേഖപ്പെടുത്തി. ഡിഎംകെ, സിപിഐ, സിപിഎം, പിഎംകെ, എംഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ വനംവകുപ്പിന്റെ നടപടിക്കെതിരെ രംഗത്തെത്തി.

മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് കൊലപാതകം നടത്തിയതെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കര്‍ണാടക വനംവകുപ്പ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇടപെടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam