തിരുവനന്തപുരം: രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരെ ആശങ്കയിലാഴ്ത്തി ഇ.പി.എഫ്.ഒ പുതിയ നീക്കത്തിലേക്ക്. 2014 സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് വിരമിക്കുകയും, വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്തിരുന്ന മുന്‍ ജീവനക്കാരുടെ അധിക പെന്‍ഷനാണ് ഇപ്പോള്‍ റദ്ദാക്കുന്നത്. ഇത് കൂടാതെ ഇതുവരെ വാങ്ങിയ അധിക തുക ഒന്നിച്ച് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍കാര്‍ക്ക് പി.എഫ് ഓര്‍ഗനൈസേഷന്‍ നോട്ടീസ് അയച്ചുതുടങ്ങി.
തൊഴിലുടമയുടെ വീഴ്ചയ്ക്ക് ശിക്ഷ തൊഴിലാളിക്കോ?
വിരമിക്കുന്നതിന് മുന്‍പ് ജീവനക്കാരനും തൊഴിലുടമയും ചേര്‍ന്ന് നല്‍കേണ്ട 'ജോയിന്റ് ഓപ്ഷന്‍' നിശ്ചിത സമയത്തിനകം സമര്‍പ്പിച്ചില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇ.പി.എഫ്.ഒയുടെ ഈ കടുത്ത നടപടി. എന്നാല്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കൃത്യമായി ഉയര്‍ന്ന പി.എഫ് വിഹിതം ഈടാക്കി സര്‍ക്കാരിലേക്ക് അടച്ചിരുന്നത് തൊഴിലുടമകളാണ്. പി.എഫ് ഓഫീസിലേക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്തം ഉള്ള തൊഴിലുടമ വരുത്തിയ വീഴ്ചയുടെ പേരില്‍ ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ പ്രായമായ പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് പെന്‍ഷന്‍ സംഘടനകള്‍ ആരോപിക്കുന്നു.
വര്‍ഷങ്ങളായി വാങ്ങിയിരുന്ന പെന്‍ഷന്‍ തുക പെട്ടെന്ന് നിര്‍ത്തലാക്കുന്നത് ഒട്ടേറെ മുതിര്‍ന്ന പൗരന്മാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കും. മരുന്നിനും ജീവിക്കാനുമുള്ള വഴി മുട്ടുന്നതിനൊപ്പമാണ് ലക്ഷക്കണക്കിന് രൂപ ഒന്നിച്ച് അടയ്ക്കാനുള്ള നോട്ടീസുകള്‍ വരുന്നത്.
തിരുവനന്തപുരത്ത് വിരമിച്ച ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് ലഭിച്ച നോട്ടീസ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. 2011 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹം, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവിലൂടെയാണ് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ നേടിയെടുത്തത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി കൈപ്പറ്റിയ അധിക തുകയായ 2,90,336 രൂപ ഒന്നിച്ച് ഡ്രാഫ്റ്റായി റീജണല്‍ പി.എഫ് കമ്മിഷണര്‍ ഓഫീസില്‍ എത്തിക്കാനാണ് ഇദ്ദേഹത്തിന് ലഭിച്ച നിര്‍ദേശം.
സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി പരാതി
2022 നവംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിലെ ചില മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2014 ന് മുന്‍പ് വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയില്ലെന്ന് പി.എഫ് അധികൃതര്‍ വാദിക്കുന്നത്. എന്നാല്‍, വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും നേരത്തെ നല്‍കിയ വിധിന്യായങ്ങളുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ് ഇ.പി.എഫ്.ഒയുടെ ഈ പുതിയ നോട്ടീസുകളെന്ന് പെന്‍ഷന്‍കാര്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് പെന്‍ഷനര്‍കാരുടെ കൂട്ടായ്മകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
