കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ യുദ്ധത്തടവറകളെക്കാള്‍ ഭീകരമെന്ന് ഹൈക്കോടതി. ജഡ്ജിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും സ്ഥിതി മെച്ചപ്പെടുത്താത്ത സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, ഈ കേന്ദ്രങ്ങളിലെ ദുരൂഹമായ രഹസ്യസ്വഭാവം ഇനി അനുവദിക്കില്ലെന്ന് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നല്‍കി മാനസികാരോഗ്യ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും സാമൂഹിക ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഇരു ജഡ്ജിമാരും നേരിട്ട് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിസര്‍ജ്യവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ വൃത്തിഹീനമായ സെല്ലുകളാണ് പലയിടത്തുമുള്ളത്. ആ കാഴ്ചകളുടെ ഞെട്ടലില്‍ ഉറക്കം നഷ്ടപ്പെടുകയാണെന്ന് ജഡ്ജിമാര്‍ തുറന്നടിച്ചു. സന്ദര്‍ശനത്തിന് ശേഷം സ്ഥിതി മെച്ചപ്പെട്ടെന്ന സര്‍ക്കാരിന്റെ വാദം തള്ളിയ കോടതി, രോഗികളുടെ സ്വകാര്യതയുടെ മറവില്‍ എല്ലാം ഒളിച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഭരണസംവിധാനങ്ങളുടെ മുന്‍ഗണനകളെ രൂക്ഷമായ ഭാഷയിലാണ് കോടതി ചോദ്യം ചെയ്തത്. വി.ഐ.പികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി കാറുകള്‍ വാങ്ങി നല്‍കാന്‍ സര്‍ക്കാരിന് മിനിറ്റുകള്‍ മതിയാകും. എന്നാല്‍ ഇവിടുത്തെ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരു വാഹനം സജ്ജമാക്കണമെന്ന അടിസ്ഥാനപരമായ നിര്‍ദേശം പോലും നടപ്പാക്കാന്‍ തയാറായിട്ടില്ല. സാധാരണക്കാരും ആരുമില്ലാത്തവരുമായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ക്രൂരമായി അവഗണിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നേപ്പാള്‍ സ്വദേശിയായ രോഗി ചാടിപ്പോയി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. നിലവിലെ കേടായ സിസ്റ്റം മാറിയേ തീരൂവെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയെല്ലാം നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെ കൃത്യമായ വിശദീകരണം തേടിയ കോടതി, കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
