പിരിച്ചെടുത്തത് വന്‍തുക, ലക്ഷ്യം മാറിയോ? കിസാന്‍ സഭാ ഫണ്ട് തട്ടിപ്പ് പുകയുന്നു; ജില്ലാ സമ്മേളനം പ്രക്ഷുബ്ധമായേക്കും

SEPTEMBER 1, 2026, 11:12 PM

തൃശ്ശൂര്‍: 2022 ഡിസംബറില്‍ തൃശ്ശൂരില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ പേരില്‍ സമാഹരിച്ച തുകയില്‍ നിന്ന് ലക്ഷങ്ങള്‍ വകമാറ്റിയതായി ഗുരുതര ആരോപണം. സമ്മേളന ആവശ്യങ്ങള്‍ക്കും കര്‍ഷക സംഘം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക് സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിനുമായി സംഘാടകര്‍ വ്യാപകമായി ഫണ്ട് സമാഹരണം നടത്തിയിരുന്നു. എന്നാല്‍ സമ്മേളനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബാക്കി വന്ന തുക ജില്ലാ കമ്മിറ്റിക്ക് കൈമാറാനോ ഓഫീസ് നിര്‍മാണം ആരംഭിക്കാനോ സാധിച്ചിട്ടില്ല. ചേലക്കരയില്‍ ആരംഭിക്കുന്ന കര്‍ഷകസംഘം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തെ പ്രതികൂട്ടിലാക്കി വിഷയം ഉന്നയിക്കാന്‍ ഒരു വിഭാഗം പ്രതിനിധികള്‍ തയ്യാറെടുക്കുകയാണ്.

സമ്മേളനച്ചെലവുകള്‍ക്ക് ശേഷം ഏകദേശം 50 ലക്ഷത്തോളം രൂപ ബാക്കിയുണ്ടെന്നാണ് സംഘാടനവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ജില്ലാ ഓഫീസിന്റെ പേരില്‍ സമാഹരിച്ച ഈ തുക ലഭിക്കാത്തതിനാല്‍ കര്‍ഷകസംഘം ജില്ലാ കമ്മിറ്റി നിലവില്‍ സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സമാഹരിച്ച തുകയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. സമ്മേളന സ്മരണികയിലെ പരസ്യങ്ങള്‍ക്കായി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍ തുക നിര്‍ബന്ധിതമായി പിരിച്ചെടുത്തുവെന്ന പരാതിയിലാണ് ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടെയാണ് ഈ ഫണ്ട് സമാഹരണവും കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പിരിവിന് മുന്നിട്ടിറങ്ങിയ പ്രമുഖ നേതാവിനെയും സഹകരണ വകുപ്പ് രജിസ്ട്രാറെയും ഇ.ഡി ചോദ്യം ചെയ്യുകയും വലിയ തുക നല്‍കിയ രണ്ട് സഹകരണ ബാങ്കുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും പണം ഓഫീസ് നിര്‍മാണത്തിന് നല്‍കുന്നതിനെ കുറിച്ച് ധാരണയില്ലെന്നും ബാക്കി തുക കിസാന്‍ സഭയുടെ അക്കൗണ്ടില്‍ സുരക്ഷിതമാണെന്നുമാണ് ജില്ലാ സെക്രട്ടറി എ.എസ് കുട്ടി വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്ര വലിയ തുക അക്കൗണ്ടില്‍ നിലനില്‍ക്കെ എന്തുകൊണ്ട് ഓഫീസ് നിര്‍മാണം നീളുന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭ്യമല്ല.

നേതൃത്വത്തിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ അമര്‍ഷം പുകയുന്നതിനിടെയാണ് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് ചേലക്കരയില്‍ തുടക്കമാകുന്നത്. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ബാക്കി തുകയെവിടെ എന്ന ചോദ്യം ശക്തമായി ഉന്നയിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ചതോടെ സമ്മേളന നഗരി പ്രക്ഷുബ്ധമാകാനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam