തൃശ്ശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സ്‌കൂൾ അധികൃതർ ഈ തീരുമാനം എടുത്തത്.
സ്‌കൂളിനോട് ചേർന്നുള്ള മിനി ഓഡിറ്റോറിയത്തിലെ ഒരു മുറിയിലാണ് തെരുവുനായ പ്രസവിച്ചിരിക്കുന്നത്. നാല് നായ്ക്കുട്ടികളും അവിടെയുണ്ട്. ഇതോടെ സ്‌കൂൾ പരിസരത്ത് തെരുവുനായകളുടെ സാന്നിധ്യം വർധിക്കുകയും ഭീതി ശക്തമാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരുന്നതിനിടെ ഒരു വിദ്യാർഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് അതേ നായ ചത്തനിലയിൽ കണ്ടെത്തി. പരിശോധനയിൽ നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രദേശത്ത് ആശങ്ക കൂടുതൽ ഉയർന്നത്.
നിലവിൽ സ്‌കൂളിന് ചുറ്റും നിരവധി തെരുവുനായകൾ സഞ്ചരിക്കുന്നതിനാൽ കുട്ടികൾക്കും അധ്യാപകർക്കും സുരക്ഷിതമായി സ്‌കൂളിലെത്താൻ കഴിയാത്ത സാഹചര്യമാണ്. ഇതാണ് ഒരു ദിവസത്തേക്ക് അവധി പ്രഖ്യാപിക്കാൻ കാരണമായത്.
തെരുവുനായ ശല്യം സംബന്ധിച്ച് സ്‌കൂൾ അധികൃതരും പ്രദേശവാസികളും നൽകിയ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രസവിച്ച നായയെയും നായ്ക്കുട്ടികളെയും സുരക്ഷിതമായി പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആലോചിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
