കൊല്ലം: നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അനാസ്ഥയും ഉണ്ടായതായി കുടുംബം ആരോപിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തുന്ന തിരച്ചിലില്‍ യാതൊരുവിധ ഏകോപനവുമില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി.
കൃത്യസമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ മകന്റെ ജീവന്‍ രക്ഷിക്കാനോ അല്ലെങ്കില്‍ ശരീരം നേരത്തെ കണ്ടെത്താനോ സാധിക്കുമായിരുന്നെന്ന് ഗൗതമിന്റെ അമ്മ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. കടലില്‍ തിരച്ചില്‍ നടത്തുന്നതിന് അനുകൂലമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ആദ്യഘട്ടത്തില്‍ അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതിനെത്തുടര്‍ന്ന് നേവിയുടെ കപ്പല്‍ എത്തിയ വിവരം പോലും പ്രാദേശിക കോസ്റ്റല്‍ പൊലീസ് അറിഞ്ഞിരുന്നില്ല. വൈകുന്നേരം ആറുമണിയോടെ കപ്പല്‍ തീരത്തോട് അടുക്കുന്നത് കണ്ടതിനെ തുടര്‍ന്ന് കോസ്റ്റല്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് രേഷ്മ വെളിപ്പെടുത്തി.
സര്‍ക്കാരിനെ മൊത്തമായി കുറ്റപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ രേഷ്മ, എന്നാല്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ ഏകോപിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന വൈമുഖ്യം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. എത്ര വിമര്‍ശിച്ചാലും തങ്ങള്‍ തിരുത്താന്‍ തയ്യാറല്ലെന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവര്‍ വിഷമത്തോടെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
