ശബരിമല നെയ്യ് ക്രമക്കേട്: സാമ്പത്തികനഷ്ടം പ്രതികളില്‍നിന്ന് ഈടാക്കാം; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

AUGUST 8, 2026, 9:18 PM

കൊച്ചി: ശബരിമലയില്‍ ടെന്‍ഡര്‍ ഇല്ലാതെ മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ സാമ്പത്തികനഷ്ടം ഉത്തരവാദികളായ പ്രതികളില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമായി. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് വകുപ്പ് 32(9) പ്രകാരം സര്‍ച്ചാര്‍ജ് ഉത്തരവിലൂടെ തുക ഈടാക്കാനാണ് നിയമപരമായ വ്യവസ്ഥയുള്ളത്.

ക്രമക്കേടുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ക്ക് പുറമെയാണ് നഷ്ടപ്പെട്ട തുക ഈടാക്കാന്‍ നിയമം അനുവദിക്കുന്നത്. പ്രാഥമിക അന്വേഷണ പ്രകാരം 2.27 കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായിട്ടുള്ളതെന്നാണ് നിഗമനം. കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ലഭിച്ചതിന് പിന്നാലെ മില്‍മ പുനെയിലെ സോനായി കോ-ഓപ്പറേറ്റീവ് ഡെയറിയില്‍ നിന്ന് ലിറ്ററിന് 497 രൂപ നിരക്കില്‍ 24,970 കിലോഗ്രാം നെയ്യ് വാങ്ങിയിട്ടുണ്ട്. ഈ നെയ്യ് പൂര്‍ണ്ണമായും ശബരിമലയില്‍ എത്തിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ എസ്.ഐ.ടി വിശദമായി പരിശോധിക്കും. കഴിഞ്ഞ മണ്ഡലകാലത്ത് ആടിയശിഷ്ടം നെയ്യ് വില്‍പ്പനയില്‍ ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വലിയൊരു അളവ് ആടിയശിഷ്ടം നെയ്യ് അരവണ തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്നു. അതിനാല്‍ മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് എത്രത്തോളം വേണ്ടിവന്നു എന്ന് പരിശോധിച്ച ശേഷം മാത്രമേ യഥാര്‍ത്ഥ നഷ്ടം തിട്ടപ്പെടുത്താന്‍ കഴിയൂ.

നിയമപ്രകാരം, ബോര്‍ഡ് അംഗങ്ങളുടെ വീഴ്ച മൂലമാണ് സാമ്പത്തികനഷ്ടം സംഭവിച്ചതെന്ന് വ്യക്തമായാല്‍ ഉത്തരവാദികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഈ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുക ഈടാക്കാന്‍ സര്‍ച്ചാര്‍ജ് നടപടിക്ക് ഹൈക്കോടതിക്ക് ഉത്തരവിടാവുന്നതാണ്. വകുപ്പ് 32(10) അനുസരിച്ച് ഈ സര്‍ച്ചാര്‍ജ് ഓര്‍ഡര്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെ ഹൈക്കോടതി നേരിട്ട് പുറപ്പെടുവിക്കുന്ന ഉത്തരവാണ്.

അതേസമയം, ശബരിമലയിലെ നെയ്യ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ പ്രഖ്യാപിച്ചു. ദേവസ്വം വിജിലന്‍സ് കമ്മീഷണറുടെ ഔദ്യോഗിക കത്ത് ലഭിച്ചയുടന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ഭക്തരുടെ പണം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും തട്ടിപ്പ് നടത്തിയ ആരെയും സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam