തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന മുൻഗണനാ സ്ഥലങ്ങളുടെ പട്ടികയിൽ പാലക്കാട് കഞ്ചിക്കോട്ടെ ഭൂമി കൂടി ഉൾപ്പെടുത്തി.
മുൻപ് റെയിൽവേ കോച്ച് ഫാക്ടറിക്കായി നൽകിയ 228 ഏക്കർ ഭൂമിയാണ് ഈ പട്ടികയിലേക്ക് പുതുതായി ചേർത്തത്. നിർദ്ദിഷ്ട പദ്ധതി കേന്ദ്രം റദ്ദാക്കിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ സ്ഥലം എയിംസിനായി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതോടെ എയിംസിനായി കേന്ദ്രത്തിന് കൈമാറുന്ന സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക വിപുലമായി.
2012-ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേ മന്ത്രാലയത്തിന് സൗജന്യമായി കൈമാറിയ ഭൂമിയാണിത്. അതിനാൽ എയിംസ് ഇവിടെ അനുവദിച്ചാൽ പുതിയതായി ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്ന് മാത്രമല്ല, ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഭാരവും ഉണ്ടാകില്ല. റെയിൽവേ മന്ത്രാലയത്തിൽനിന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഭൂമി കൈമാറിയാൽ മാത്രം മതിയാകും. കഞ്ചിക്കോട് അതിർത്തി മേഖലയായതിനാൽ തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ഈ കൂറ്റൻ മെഡിക്കൽ സ്ഥാപനത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാകും.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോഴിക്കോട് കിനാലൂർ-കാന്തലാട് മേഖലയിൽ ഏറ്റെടുത്ത ഭൂമി എയിംസിനായി സൗജന്യമായി വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോഴിക്കോട് മാത്രം നിർദേശിക്കുന്ന രീതിയോട് കേന്ദ്ര സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
